മിസോറാമിൽ ആറ് ഉക്രെനിയൻ പൗരൻമാര്‍ തടവിൽ, പ്രതിഷേധവുമായി ഉക്രെയ്ൻ

ന്യൂഡൽഹി: അനധികൃതമായി അതിർത്തി കടന്നുവെന്ന് ആരോപിചിച്ച് മിസോറാമിൽ ആറ് ഉക്രേനിയൻ പൗരന്മാർ തടവിലാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യയിലെ ഉക്രേനിയൻ എംബസി. അനുമതിയില്ലാതെ മിസോറാമിൽ പ്രവേശിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും എന്നാണ് കേസ്. ആറ് ഉക്രേനിയൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയുമാണ് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.
പൗരന്മാരെ തടഞ്ഞുവെച്ചതിൽ ഉക്രേനിയൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചുക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സിബി ജോർജിനെ കണ്ട് പ്രതിഷേധം അറിയിച്ചു. പൗരന്മാർക്ക് ഉടൻ കോൺസുലർ ആക്സസ് (അംബാസഡർക്ക് നേരിട്ട് കാണാനുള്ള അനുമതി) നൽകണമെന്നും അവരെ വിട്ടയക്കണമെന്നും ഉക്രെയ്ൻ ആവശ്യപ്പെട്ടു.
ഇന്ത്യ-മ്യാൻമർ അതിർത്തി നിയമവിരുദ്ധമായി കടന്നു എന്നതാണ് പ്രധാന ആരോപണം. മിസോറാം പോലുള്ള നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാൻ വിദേശികൾക്ക് പ്രത്യേക പെർമിറ്റ് ആവശ്യമാണ്. എന്നാൽ ഇത്തരം മേഖലകളിൽ വ്യക്തമായ സൂചന ബോർഡുകൾ ഇല്ലാത്തത് അറിയാതെയുള്ള നിയമലംഘനങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി,പൗരന്മാരെ അറസ്റ്റ് ചെയ്ത വിവരം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഉക്രെയ്ൻ ആരോപിക്കുന്നു.കോടതി ഇവരുടെ കസ്റ്റഡി മാർച്ച് 27വരെ നീട്ടിയിരിക്കുകയാണ്.കൂടെയുള്ള അമേരിക്കൻ പൗരനെക്കുറിച്ച് വിവരം ലഭ്യമാണെങ്കിലും കൂടുതൽ പ്രതികരിക്കാൻ യുഎസ് എംബസി തയ്യാറായിട്ടില്ല.










0 comments