യുജിസി കരട് നിയമ ഭേദ​ഗതി വിവേചനങ്ങൾക്കെതിരായ നിലവിലുള്ള സംരക്ഷണങ്ങളെയും ദുർബലപ്പെടുത്തുന്നത്: എസ്എഫ്ഐ

SFI FLAG
വെബ് ഡെസ്ക്

Published on Mar 10, 2025, 04:52 PM | 2 min read

ഡൽഹി: യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനായി തയ്യാറാക്കിയ രേഖ അതിന്റെ യഥാർഥ കർത്തവ്യം നിർവഹിക്കുന്നില്ലെന്ന് എസ്എഫ്ഐ. ജാതി വിവേചനത്തിന്റെ തീവ്രതയെ തന്നെയും ലഘൂകരിക്കുന്ന സമീപനമാണ് കരടിലെന്നും സംഘടന ചൂണ്ടികാട്ടി.


ജാതിയിൽ താഴെ ശ്രേണിയിലുള്ളവർക്കായി വിവേചനം ഇല്ലാതാക്കുമെന്ന് പറയുന്ന യു ജി സി ഭേദഗതി നിലവിൽ ഇരകൾക്ക് ലഭിക്കുന്ന സംവിധാനങ്ങളെ പോലും ദുർബലപ്പെടുത്തുകയും വെള്ളം ചേർക്കുകയുമാണ്. ജാതി വിവേചനം സംബന്ധിച്ച് കരടിൽ വരുത്തിയ മാറ്റങ്ങൾ തന്നെ ഇത്തരത്തിൽ ആശങ്ക ഉണർത്തുന്നു. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം എന്നത് എസ്‍സി എസ്ടി എന്നിവരിലേക്ക് ചുരുക്കുകയാണ് ചെയ്തിരിക്കുന്നത്.


2012 ലെ “സമത്വ പ്രോത്സാഹന നിയന്ത്രണങ്ങൾ”ക്ക് വിരുദ്ധമായാണ് ഇപ്പോഴത്തെ കരട് നയം. ജാതി, വർ​ഗം, ഭാഷ, മതം, വംശം, ലിം​ഗം, വെെകല്യം എന്നിവയടക്കമുണ്ടായിരുന്ന രേഖയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ ഒഴിച്ചുനിർത്തപ്പെട്ട വിഭാ​ഗത്തിന്റെ സുരക്ഷിതമായ അവസ്ഥയ്ക്ക് ഭം​ഗം വരുത്തുന്നതിന് വേണ്ടി ചിന്തിച്ച് തയ്യാറാക്കിയതാണ് ഇപ്പോഴത്തെ കരട് ഭേദഗതി.


ഇരകളെ നിശ്ശബ്ദരാക്കാനുള്ള വ്യവസ്ഥകൾ


തെറ്റായ പരാതികൾക്ക് പിഴയും അച്ചടക്ക നടപടിയും ഉൾപ്പെടെയുള്ള ശിക്ഷകളും ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. എന്നാൽ തെറ്റായ പരാതി എന്താണെന്ന് വ്യക്തമാക്കുന്നില്ല. നടപടിയെടുക്കാത്ത എല്ലാ പരാതികളും വ്യാജമായി കണക്കാക്കുമോ എന്നും കരടിൽ വ്യക്തമാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇരകൾ മുന്നോട്ടുവന്ന് പരാതി നൽകാൻ മടിക്കുന്നതിനും ഇത് കാരണമാകും. സംവരണ വിഭാ​ഗത്തിൽ പെട്ട വിദ്യാർഥികളുടെ കൂട്ടത്തോൽവിയുടെയും, വിദ്യാർഥി ആത്മഹത്യയുടെ ജാതി തിരിച്ചുള്ള കണക്കുകളും രേഖയിൽ ചേർക്കാനും യുജിസി തയ്യാറായിട്ടില്ല.


സർവ്വകലാശാലകളെ ഭയപ്പെടുത്തി നിർത്താൻ


നിയമം പാലിക്കാത്ത എന്ന പേരിൽ സ്ഥാപനങ്ങളുടെ അം​ഗീകാരം റദ്ദ് ചെയ്യാനോ സാമ്പത്തിക സഹായം നൽകുന്നത് നിർത്തലാക്കാനോ കരട് യുജിസിയെ അധികാരപ്പെടുത്തുന്നു. സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാനങ്ങളിലുള്ള യൂണിവേഴ്സിറ്റികൾ എന്നിവയുടെ അധികാരങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയും യുജിസിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണിതെന്നും എസ്എഫ്ഐ നിരീക്ഷിച്ചു.


സാമ്പത്തികവും സാമൂഹികവുമായ നീതി ക്യാമ്പസിൽ പുലരുന്നതിനും ജാതി വിവേചനത്തിനുമെതിരായ രോഹിത് വെമുല ആക്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും ജെൻഡ‍ർ സെൻസിറ്റെെസേഷൻ കമ്മറ്റി എ​ഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്, ന്യൂനപക്ഷ, എസ്‍സി/ എസ്ടി സെല്ലുകൾ എന്നിവ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും എസ്എഫ്ഐ പറഞ്ഞു. യുജിസി ഭേ​ദ​ഗതി ചെയ്ത കരട് പിൻവലിക്കുകയും ഉന്നത വിദ്യാലയങ്ങളിൽ നീതിയുക്തമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നു് എസ്എഫ്ഐ പ്രസിഡന്റ് വി പി സാനു സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home