സവർക്കറെ ദേശീയ നായകനാക്കാൻ യുജിസി: രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ

UGC SFI
avatar
സ്വന്തം ലേഖിക

Published on Aug 24, 2025, 12:14 AM | 1 min read

ന്യൂഡൽഹി: കോളേജുകളിൽ രാമരാജ്യവും പുരാതന ഭാരത സങ്കൽപവും പഠിപ്പിക്കാൻ യുജിസി പദ്ധതി. നരവംശ ശാസ്‌ത്രം, രസതന്ത്രം, കൊമേഴ്സ്, സാമ്പത്തിക ശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഹോം സയൻസ്, ഗണിതം, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്‌ തുടങ്ങി ഒമ്പത്‌ ബിരുദ വിഷയങ്ങൾക്കായി തയ്യാറാക്കിയ പുതിയ കരട്‌ പാഠ്യപദ്ധതിയിലാണ്‌ ഹിന്ദുത്വത്തിലൂന്നിയ കാലഹരണപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയത്‌. യുജിസി ലോഗോയ്‌ക്ക്‌ പകരം സരസ്വതി ദേവിയുടെ ചിത്രവുമായി പ്രസിദ്ധീകരിച്ച പാഠ്യപദ്ധതിയിൽ രസതന്ത്ര ഭാഗങ്ങൾ തുടങ്ങുന്നത്‌ സരസ്വതി വന്ദനത്തോടെയാണ്‌.


​പൊളിറ്റിക്കൽ സയൻസിൽ വി ഡി സവർക്കറെ ദേശീയപ്രസ്ഥാനനായകരുടെ പട്ടികയിലാക്കി. സവർക്കറുടെ ‘ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസും’ കൊമേഴ്‌സിൽ ക‍ൗടില്യന്റെ അർഥശാസ്‌ത്രവും വായനപ്പട്ടികയിൽ ഉൾപ്പെടുത്തി. ഗണിതത്തിൽ രംഗോലി, കോലം, ക്ഷേത്രവാസ്‌തുവിദ്യ എന്നിവ പഠിപ്പിക്കും. കൊമേഴ്‌സിൽ ധനവിനിയോഗം പഠിപ്പിക്കുന്നിടത്താണ് ‘രാമരാജ്യ സങ്കൽപം’ ഉള്ളത്‌. ശ്രീനാരായണഗുരുവിനെ സാമൂഹ്യ പരിഷ്‌ക്കർത്താവിൽ നിന്ന്‌ മാറ്റി ആത്മീയാചാര്യനാക്കി. രസതന്ത്രത്തിൽ കഞ്ഞി, മഹുവ മദ്യം, കള്ള്‌ പോലുള്ള പാരമ്പര്യ ഇന്ത്യൻ പാനീയങ്ങളുടെ നിർമാണവും രാസപ്രവർത്തനങ്ങളും പഠിപ്പിക്കും. ആയുർവേദകാലത്തെ രസതന്ത്രം എന്ന അധ്യായത്തിൽ വ്യാസൻ, മനു, നാരദൻ, ചരകൻ, ശുശ്രുതൻ തുടങ്ങിയവരുടെ ചിന്തകളും വൃന്ദ ചക്രപാണിയുടെ സിദ്ധയോഗവും പഠിപ്പിക്കാൻ നിർദേശമുണ്ട്‌. പരമാണു സങ്കൽപവും ആണവ സ്‌പെക്‌ട്രവും കുണ്ഡലിനി സങ്കൽവും തമ്മിലുള്ള താരതമ്യ പഠനവുമുണ്ട്.


രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ


പുതിയ കരട്‌ പാഠ്യപദ്ധതി ആദിമവും അശാസ്‌ത്രീയവും, കാവിവൽക്കരണം ലക്ഷ്യമിട്ടുമാണെന്ന്‌ എസ്‌എഫ്‌ഐ. ആർഎസ്‌എസ്‌ അജൻഡ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനാണ്‌ യുജിസി ശ്രമം. ശാസ്‌ത്രചിന്ത വളർത്തണമെന്ന ഭരണഘടനാ മൂല്യത്തിന്‌ വിരുദ്ധമാണ്‌ പാഠ്യപദ്ധതി –എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യവ്യാപകമായി ക്യാമ്പസുകളിലും സർവകലാശാലകളിലുമായി കരട് പാഠ്യപദ്ധതിയുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിക്കും. ബുധനാഴ്‌ച രാജ്യത്തുടനീളം യുജിസി ഓഫീസുകളിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home