ക്യാമ്പസുകളിലെ ജാതിവിവേചനം
യുജിസി എട്ടാഴ്‌ചയ്ക്കകം വിജ്ഞാപനമിറക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: സർവകലാശാലകളിലും കോളേജുകളിലും ജാതിവിവേചനം തടയാൻ എട്ടാഴ്‌ചയ്ക്കകം വിജ്ഞാപനമിറക്കാൻ യുജിസിക്ക് സുപ്രീംകോടതി നിർദേശം. ജാതിവിവേചനത്തെ തുടർന്ന് ജീവനൊടുക്കിയ രോഹിത് വെമുല, പായൽ തദ്‌വി എന്നിവരുടെ അമ്മമാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. അമ്മമാരെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിന്റെ നിർദേശങ്ങൾ വിജ്ഞാപനത്തിനായി യുജിസി പരിഗണിക്കണമെന്നും നിർദേശിച്ചു.
അഭിഭാഷകയുടെ ആവശ്യം അംഗീകരിച്ചാണ് എട്ടാഴ്‌ച സമയപരിധി. എല്ലാത്തരം വിവേചനപരമായ നടപടികളും അവസാനിപ്പിക്കൽ, ഹോസ്റ്റൽ, ക്ലാസ് മുറി തുടങ്ങി എല്ലായിടത്തും വേർതിരിവ് തടയൽ, സ്കോളർഷിപ്പുകൾ വിതരണം ചെയ്യാൻ ഓൺലൈൻ സംവിധാനം, ആഭ്യന്തര സമിതികളിലെ 50 ശതമാനം അംഗങ്ങളും എസ്‌സി–എസ്‌ടി വിഭാഗങ്ങളിൽനിന്നുള്ളവരാകണമെന്ന് ഉറപ്പാക്കൽ, പരാതിക്കാർക്ക് സംരക്ഷണമൊരുക്കൽ, വിദ്യാർഥികൾക്ക് മാനസികാരോഗ്യ കൗൺസലിങ് തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
കരട് ചട്ടങ്ങളിൽ 391 നിർദേശങ്ങൾ ലഭിച്ചെന്നും വിദഗ്‌ധ സമിതി റിപ്പോർട്ട് യുജിസി പരിഗണിക്കുകയാണെന്നും അറ്റോർണി ജനറൽ തുഷാർ മേത്ത അറിയിച്ചു.









0 comments