ad
Deshabhimani

print edition യുജിസി നെറ്റിലും വീഴ്‌ച; വിദ്യാർഥികളെ വീണ്ടും വലച്ച്‌ എൻടിഎ

National Testing Agency NTA
avatar
സ്വന്തം ലേഖകൻ

Published on Jul 04, 2026, 02:19 AM | 2 min read

ന്യ‍‍ൂഡ്യൽഹി: നീറ്റ്‌, നിഫ്‌റ്റ്‌, സിയുഇടി പരീക്ഷകളിലെ ഗുരുതര വീഴ്‌ചകൾക്ക്‌ പിന്നാലെ യുജിസി നെറ്റ്‌ എഴുതിയ വിദ്യാർഥികളെയും പ്രതിസന്ധിയിലാക്കി നാഷണൽ ടെസ്റ്റിങ്‌ ഏജൻസി. ഇംഗ്ളീഷ്, സോഷ്യോളജി, സൈക്കോളജി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റും പരിഭാഷ പ്രശ്‌നങ്ങളും ഉണ്ടായെന്ന്‌ വിദ്യാർഥികൾ പറയുന്നു.


ജൂൺ 22 മുതൽ 30 വരെ യാണ്‌ നെറ്റ്‌ നടന്നത്‌. ജൂൺ 30ന്‌ നടന്ന സോഷ്യോളജി ചോദ്യപേപ്പർ നിറയെ അക്ഷരത്തെറ്റായിരുന്നു. ‘സോഷ്യൽ’ എന്ന വാക്ക്‌ അച്ചടിച്ചുവന്നത്‌ ‘ഓവൽ’ എന്ന്. ചിന്തകരുടെ പേരുൾപ്പെടെ മാറിയത്‌ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. സോഷ്യോളജിസ്റ്റായ ‘ജോർജ്‌ റിറ്റ്‌സറുടെ’ പേര്‌ ‘പുറ്റ്‌സർ’ എന്നായി. ‘എ ആർ ദേശായി’ എന്നത്‌ ‘എൻ കെ ദേശായി’യായി. ‘ടാൽകോട്ട്‌ പാഴ്‌സൻസ്‌’ എന്നത്‌ ‘പാഴ്സോ’ എന്നുവന്നു. ചോദ്യപേപ്പറിന്റെ ഹിന്ദി പരിഭാഷ നിലവാരമില്ലാത്തതായിരുന്നു. എഐ സഹായത്തോടെയാണ് തയാറാക്കിയതെന്ന് ആക്ഷേപവുമുണ്ട്‌. സോഷ്യോളജി, സൈക്കോളജി പരീക്ഷയില്‍ സിലബസിന് പുറത്തുനിന്നും ചോദ്യങ്ങള്‍ വന്നു.

ഇംഗ്ലീഷ്‌ പരീക്ഷയ്ക്ക് മുന്‍ പരീക്ഷകളിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. 2024ലെ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങൾ ആവർത്തിച്ചതായി വിദ്യാർഥികൾ പറയുന്നു. ആകെയുള്ള 150 ചോദ്യങ്ങളില്‍ 64ഉം കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നുള്ളവയായിരുന്നു.


ഉത്തര ഓപ്‌ഷനുകളും അവയുടെ ക്രമവും പോലും മാറ്റമില്ലാതെ പ്രത്യക്ഷപ്പെട്ടു. സുതാര്യവും വിശ്വസനീയവുമായ രീതിയിൽ പരീക്ഷ നടത്തുന്നതില്‍ എൻടിഎയുടെ കഴിവില്ലായ്‌മ വീണ്ടും വെളിപ്പെട്ടെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.


നീറ്റ്‌ പുനഃപരീക്ഷയില്‍ 
ചോദ്യങ്ങള്‍ തെറ്റി


ചോദ്യചോർച്ചയെത്തുടർന്ന്‌ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തിയെന്ന് അവകാശപ്പെടുന്ന നീറ്റ്‌ പുനഃപരീക്ഷയിലും ഗുരുതപിഴവ് വരുത്തി നാഷണൽ ടെസ്റ്റിങ്‌ ഏജൻസി(എൻടിഎ). ഉത്തരസൂചിക പുറത്തുവന്നതോടെയാണ് വീഴ്ച പുറത്തായത്.

ഫിസിക്‌സിലെ രണ്ട്‌ ചോദ്യങ്ങളിൽ പിഴവുണ്ടായി. നാൽപതാം ചോദ്യത്തിന് നൽകിയ ഉത്തര ഓപ്ഷനുകളിൽ ശരിയുത്തരമില്ല. ഇതോടെ ചോദ്യം പരീക്ഷയിൽ നിന്ന്‌ ഒഴിവാക്കി. പകരം പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികൾക്കും അധിക മാർക്ക്‌ നല്‍കും. 22–ാം ചോദ്യത്തിന്റെ പ്രശ്‌നം നല്‍കിയ ഓപ്ഷനുകളില്‍ രണ്ട്‌ ഉത്തരമുണ്ട് എന്നാണ്‌. രണ്ടില്‍ ഏത് എഴുതിയവർക്കും മാർക്ക്‌ നല‍്കാന്‍ തീരുമാനിച്ചു.


ചെറിയ പിഴവുപോലുമുണ്ടാവില്ലെന്ന്‌ അവകാശപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രാലയവും എൻടിഎയും പരീക്ഷ നടത്തിയത്‌. പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ചോദ്യചോര്‍ച്ചയെ തുടര്‍ന്ന് ആദ്യ പരീക്ഷ റദ്ദാക്കിയതോടെ രാജ്യത്ത് ഇരുപതിലധികം വിദ്യാർഥികളാണ് ജീവനൊടുക്കിയത്. എന്നിട്ടും ചോദ്യപേപ്പറില്‍ പിഴവുണ്ടായത് നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയുടെ ഗുരുതര പിടിപ്പുകേടാണെന്ന് വിമര്‍ശമുയരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home