ad
Deshabhimani

വീഴ്ചകൾ മറയ്ക്കാൻ മൗനമോ

എൻടിഎ നിലവിലുണ്ടോ! യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയുമില്ല, ഫലവുമില്ല

j
വെബ് ഡെസ്ക്

Published on Aug 05, 2026, 02:50 PM | 2 min read

ന്യൂഡൽഹി:ദേശീയ യോഗ്യതാ പരീക്ഷകളിൽ വീഴ്ചകൾ തുടര്‍ച്ചയായതോടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ കേന്ദ്രസര്‍ക്കാര്‍ നടത്തിയതായി പറയുന്ന അടിയന്തര അഴിച്ചുപണികളുടെ ഫലമെന്താണെന്ന് വിദ്യാര്‍ഥികൾ. രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായിട്ടും ഒരു മാറ്റവുമില്ലാതെ തുടരുകയാണ് എൻടിഎ. കുറേ ഉദ്യോഗസ്ഥരുടെ കസേര മാറ്റിയതല്ലാതെ ഫലം ഒന്നുമില്ലെന്നാണ് വിദ്യാര്‍ഥികൾ അനുഭവം പറയുന്നത്.


യുജിസി നെറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളാണ് ഏജൻസിയുടെ പുതിയ ഇര. ജൂൺ 22മുതൽ 30വരെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിപരീക്ഷ നടത്തിയത്. ഏഴുലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. സാധാരണയായി പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരസൂചിക പ്രസിദ്ധപ്പെടുത്താറുള്ളതാണ്. മാത്രമല്ല ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു വന്നു. ഇപ്പോൾ ഒരു മാസം പിന്നിട്ടു എന്നിട്ടും പ്രാഥമിക ഉത്തരസൂചിക പോലും പുറത്തുവന്നില്ല.


ugcപരീക്ഷാ ക്രമം


കാത്തിരിപ്പും ആശങ്കയും


പിഴവുകളും വീഴ്ചകളും ആവര്‍ത്തിച്ച പരീക്ഷ റദ്ദാക്കിയോ അതോ ഫലം വരുമോ എന്നൊന്നും അറിയാതെ ആശങ്കയിലാണ് വിദ്യാര്‍ഥികൾ. വര്‍ഷത്തിൽ രണ്ടു തവണ നടത്തുന്ന പരീക്ഷയാണ്. അടുത്തതിന് തയാറെടുപ്പ് നടത്താനും തുടര്‍ പഠനത്തിനും ജോലിക്കും എല്ലാം യുജിസി ഫലം വന്നിട്ട് വേണം ഒരുക്കങ്ങൾ തുടങ്ങാൻ. മിക്കവരുടെയും ഉന്നത പഠന സമയമാണ് നഷ്ടമാവുന്നത്. ജീവിതത്തിലെ അതി പ്രധാന ഘട്ടമാണ്. അതിനാലാണ് യുജിസി പരീക്ഷ നടത്തിയ ഉടനെ ഉത്തര സൂചിക പരസ്യപ്പെടുത്തലും ഫല പ്രഖാപനവും നടത്തിവന്നിരുന്നത്.


ജൂലായ് 17, 18ദിവസങ്ങളിലാണ് സയൻസ് വിഷയങ്ങളുടെ യുജിസി സിഎസ്ഐആർ നെറ്റ് പരീക്ഷ നടന്നത്. ഇതിന്റെയും ഉത്തരസൂചികയും ഫലപ്രഖ്യാപനവും ഒന്നുമായിട്ടില്ല. ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ പരീക്ഷയെഴുതിയത്.


നീക്കം പരീക്ഷ കാലഹരണപ്പെടുത്താനോ


നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ ഇത്തവണ നെറ്റ് പരീക്ഷയിലും വ്യാപകമായി ക്രമക്കേടുകളും വീഴ്ചകളും ഉണ്ടായി. ഇംഗ്ലീഷ് പരീക്ഷയിൽ2024-ലെ ചോദ്യക്കടലാസിലെ 67ചോദ്യങ്ങൾ ആവർത്തിച്ചു. ഉത്തരങ്ങളുടെ ഓപ്ഷനുകൾ പോലും അതേ പോലെ പകര്‍ത്തിയതായിരുന്നു. വിദ്യാര്‍ഥികൾ ഇത് കണ്ടു പിടിച്ചതോടെ പതിവ് പോലെ ആദ്യം തന്നെ നിഷേധ കുറിപ്പ് ഇറക്കുകയാണ് എൻടിഎ ചെയ്തത്. പക്ഷേ അച്ചടിച്ചു വന്ന കാര്യം നിഷേധിക്കാനായില്ല.


സോഷ്യോളജി പരീക്ഷയിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടായി. പ്രമുഖ സോഷ്യോളജിസ്റ്റുകളുടെ പേരുകൾ പോലും തീര്‍ത്തും തെറ്റിച്ചു. അക്കാദമിക് പദങ്ങൾ വിഷയം അറിയാത്തവര്‍ തയാറാക്കിയത് പോലെയായിരുന്നു. അത്രയും വലിയ അബദ്ധങ്ങൾ നിറച്ചു. സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും വിവാദമായി. പ്രതിഷേധവുമായി വിദ്യാർഥികളും വിദ്യാഭ്യാസവിദഗ്ധരും രംഗത്തെത്തിയിരുന്നു.


ഒപ്പം സോഷ്യോളജി ചോദ്യക്കടലാസ്‌ ചോർന്നു എന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ പതിവ് പോലെ ഇക്കാര്യം അന്വേഷിക്കും മുൻപേ നിഷേധിക്കയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻടിഎയും ചെയ്തത്.

കൊമേഴ്‌സ്, സൈക്കോളജി,ജോഗ്രഫി തുടങ്ങിയ പരീക്ഷകളെ കുറിച്ചും സമാനമായ പരാതികൾ ഉയര്‍ന്നിരുന്നു. ഇതിനൊന്നും കൃത്യമായ മറുപടി എൻ ടി എ തയാറായിരുന്നില്ല. മാത്രമല്ല ഇപ്പോൾ വിദ്യാര്‍ഥികളെ പാതി വഴി അനിശ്ചിതത്വത്തിൽ നിര്‍ത്തിയിരിക്കയാണ്.


യുജിസി നെറ്റിന്റെ കഴിഞ്ഞ ഡിസംബർ സെഷൻ പരീക്ഷയെ കുറിച്ചും പരാതികൾ ഉണ്ടായിരുന്നു. ഡിസംബർ 31 മുതൽ ജനുവരി 7 വരെയാണു പരീക്ഷ നടന്നത്. പ്രാഥമിക ഉത്തരസൂചിക ജനുവരി 14നു പ്രസിദ്ധീകരിച്ചു. അന്തിമ ഫലം ഫെബ്രുവരി രണ്ടിനാണു പ്രസിദ്ധീകരിച്ചത്. പ്രാഥമിക ഉത്തരസൂചികയിൽ പരാതി അറിയിക്കാൻ ഒരു ചോദ്യത്തിനു 200 രൂപ വീതമാണു ഫീസ് വാങ്ങിച്ചു. എന്നാൽ പരാതിപ്പെട്ടിട്ടും അന്തിമ ഉത്തരസൂചികയിൽ പിഴവുകൾ തിരുത്തിയില്ലെന്നും ഇതു ഫലത്തെ ബാധിച്ചെന്നുമാണ് വിദ്യാർഥികൾ പരാതിപ്പെട്ടു. എൻടിഎ നിശ്ശബ്ദത തുടര്‍ന്നതോടെ കേസ് കോടതിയിലും എത്തിയിരുന്നു.


ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കും യോഗ്യത നൽകുന്ന പരീക്ഷയാണ് യുജിസി നെറ്റ്. ജെആർഎഫ് പാസാകുന്നവർക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും ഇവർക്ക് അർഹതയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home