വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ട്
അൻപത്തിരണ്ടാം ജന്മദിനത്തിൽ ഫിറ്റ്നസ് സന്ദേശവുമായി കാജോൾ

മുംബൈ: തലമുറകളുടെ ആരാധനാപാത്രമായ ബോളിവുഡിന്റെ പ്രിയനടി കാജോളിന് ഇന്ന് ഓഗസ്റ്റ് അഞ്ചിന് 52-ാം ജന്മദിനം. അൻപതുകളുടെ നിറവിലും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന പ്രിയനടി തന്റെ ആരാധകര്‍ക്കായി സമര്‍പ്പിച്ച സന്ദേശത്തിൽ രണ്ട് ഡംബലുകളുടെ ചിത്രമാണ്.
തനിക്ക് ലഭിച്ച ഏറ്റവും ഉപകാരപ്രദമായ ആദ്യ ജന്മദിന സമ്മാനമെന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. താര സന്ദേശം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പുറത്തെത്തിയതോടെ കമന്റ് ബോക്സിലും ഫിറ്റ്നെസ് നിറഞ്ഞു. ജീവിതത്തിൽ ഫിറ്റ്നെസ് കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് അവര്‍ ആരാധകരെ ഓര്‍മ്മപ്പെടുത്തിയത്. അവരത് ചര്‍ച്ചയായി ഏറ്റെടുക്കുകയും ചെയ്തു.
പ്രിയതമയ്ക്ക് ആശംസയുമായി അജയ് ദേവ്ഗൺ
കാജോളിന് ആശംസകളുമായി ഭർത്താവും ബോളിവുഡ് താരവുമായ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടി. "വർഷങ്ങളായി എൻ്റെ തമാശകൾക്കെല്ലാം ഒരേയൊരു പ്രേക്ഷകയേ ഉള്ളൂ എന്ന് തെളിഞ്ഞിരിക്കുകയാണ്... ജന്മദിനാശംസകൾ കാജോൾ," എന്നായിരുന്നു അജയിൻ്റെ വാക്കുകൾ.

വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ട്
1974 ഓഗസ്റ്റ് 5-ന് ജനിച്ച കാജോൾ 1992-ൽ പുറത്തിറങ്ങിയ 'ബേഖുദി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് 'ബാസിഗർ', 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ', 'ഗുപ്ത്', 'കുച്ച് കുച്ച് ഹോതാ ഹേ', 'കഭി ഖുഷി കഭി ഗം', 'ഫനാ', 'മൈ നെയിം ഈസ് ഖാൻ', 'തനാജി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആരാധക ലോകത്തെ സ്വന്തമാക്കി.
അടുത്തിടെ പുറത്തിറങ്ങിയ 'മാ', 'സർസമീൻ' എന്നീ ചിത്രങ്ങളിലാണ് കാജോൾ അവസാനമായി അഭിനയിച്ചത്. 1999-ലാണ് അജയ് ദേവ്ഗണും കാജോളും വിവാഹിതരാകുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കൾ.










0 comments