ad
Deshabhimani

യുപിഐയിലും കൊള്ള! ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കാൻ കേന്ദ്രം

UPI

Photo Credit | REUTERS/Sahiba Chawdhary

വെബ് ഡെസ്ക്

Published on Aug 05, 2026, 03:31 PM | 2 min read

ന്യൂഡൽഹി : ‍​യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിക്കൊണ്ട് സാധാരണക്കാരെ കൊള്ളയടിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ 2,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ നടത്തുന്നവർ ഇനിമുതൽ ഫീസ് നൽകേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007 ഭേദ​ഗതി ചെയ്യുന്നതിനുള്ള ബിൽ ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഈടാക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദ​ഗതി.


ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ് രാജ്യത്തെ യുപിഐ സേവനം കേന്ദ്രസർക്കാർ കൊണ്ടുവന്നത്. സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ യുപിഐ ഇടപാടിലേക്ക് മാറിക്കഴിഞ്ഞ ശേഷം നിരക്ക് ഈടാക്കുന്നത് വഞ്ചനയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് നിലവിൽ ഫീസ് ഈടാക്കാൻ തുടങ്ങുന്നതെങ്കിലും ഭാവിയിൽ ഇത് ചെറിയ ഇടപാടുകൾക്കും ഫീസ് ഈടാക്കുന്ന നിലയിലേക്ക് മാറും.


നിലവിൽ യുപിഐ, റുപേ ഡെബിറ്റ് കാർഡുകൾ പോലുള്ള പേയ്മെന്റ് സംവിധാനത്തിലൂടെ പണമിടപാടുകൾ നടത്തുന്നതിന് നിരക്കുകൾ ഈടാക്കാൻ പേയ്മെന്റ് സേവന ദാതാക്കൾക്കും ബാങ്കുകൾക്കും വിലക്കുണ്ട്. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007ലെ സെക്ഷൻ 10എയിൽ പറയുന്ന ഈ വിലക്ക് നീക്കാനാണ് നിയമഭേദ​ഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.


ഭേദ​ഗതി ബിൽ പാസായാൽ വിജ്ഞാപനത്തിലൂടെ ഡിജിറ്റൽ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ കേന്ദ്ര സർക്കാരിന് പൂർണനിയന്ത്രണം ലഭിക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളുടെ എണ്ണം കുറവാണെങ്കിലും. മൊത്തം ഡിജിറ്റൽ പണമിടപാടിന്റെ 70 ശതമാനത്തോളം ഇത്തരത്തിലുള്ള ഇടപാടുകളാണ്.


യുപിഐ സംവിധാനത്തിലൂടെ പണം കൈമാറുന്നതിന് ബാങ്കുകളും എൻസിപിഐയും വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. ആർബിഐയുടെ കണക്കനുസരിച്ച് ഡെബിറ്റ് കാർഡുകൾക്ക് ഇടപാട് തുകയുടെ 0.90 ശതമാനം വരെയാണ് എംഡിആർ ഈടാക്കുന്നത്. എൻസിപിഐ വിവരങ്ങൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് 0.30 ശതമാനമാണിത്. ക്രെഡിറ്റ് കാർഡുകൾക്ക് സാധാരണയായി ഇടപാട് തുകയുടെ ഏകദേശം 1.5 ശതമാനമാണ് എംഡിആർ.


2020 ജനുവരി മുതൽ റുപേ ഡെബിറ്റ് കാർഡുകൾക്കും യുപിഐ ഇടപാടുകൾക്കും എംഡിആർ ഈടാക്കുന്നില്ല. എന്നാൽ മറ്റ് ക്രെഡിറ്റ് കാർഡുകളെപ്പോലെ റുപേ ക്രെഡിറ്റ് കാർഡുകൾക്കും ഇനിമുതൽ എംഡിആർ ഈടാക്കും. 2016ലാണ് കേന്ദ്രസർക്കാർ യുപിഐ സേവനം അവതരിപ്പിച്ചത്. രാജ്യത്തെ തത്സമയ പേയ്മെന്റ് ഇടപാടുകളുടെ പകുതിയോളം നിലവിൽ യുപിഐ വഴിയാണ് നടക്കുന്നത്. ജൂലൈയിൽ മാത്രം 2,366 കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാർ ദിവസേന ഉപയോ​ഗിക്കുന്ന യുപിഐ സംവിധാനത്തെ പുതിയ ഭേദ​ഗതി സാരമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home