തൃശൂരിൽ പന്ത്രണ്ടുകാരന് എച്ച്1 എൻ 1; പന്നിഫാം നിർത്താൻ നിർദ്ദേശം

തൃശൂർ: തൃശൂരിൽ പന്ത്രണ്ടുകാരന് എച്ച്1 എൻ 1. മറ്റത്തൂർ പഞ്ചായത്ത് പത്താംവാർഡിലാണ് എച്ച്1 എൻ 1 സ്ഥിരീകരിച്ചത്. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കറുകുറ്റിയിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാൻ നിർദേശം നൽകി.
പഞ്ചായത്തംഗം എ എ റഫീക്കും നാട്ടുകാരും മറ്റത്തൂർ പഞ്ചായത്തിന് നലകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ ചൊവ്വാഴ്ച ഫാം സന്ദർശിച്ചാണ് ഒരു മാസത്തിനകം ഫാം പൂർണ്ണമായും നിർത്താൻ നിർദ്ദേശം നൽകിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ലൈസൻസ് ഇല്ലാതെയാണ് ഫാം പ്രവർത്തിക്കുന്നത്.
രണ്ടായിരത്തോളം പന്നികളാണ് ഈ അനധികൃത ഫാമിലുള്ളത്. കട്ടിപ്പൊക്കം പത്തരക്കുണ്ടിൽ സ്ഥിതി ചെയ്യുന്ന ഫാമിൽ നിന്നും രുക്ഷമായ ഗന്ധം രണ്ട് കിലോമീറ്ററോളം അകലെ നായാട്ട്കുണ്ടിൽ വരെ എത്തി. ഫാമിൽ നിന്നുള്ള മലിന ജലം കുടിവെള്ളം അടക്കമുള്ള ആവശ്യത്തിന് ആയിരങ്ങൾ ആശ്രയിക്കുന്ന വെള്ളിക്കുളങ്ങര വലിയതോട്ടിലാണ് ഒഴുകി എത്തുന്നത്.
പരിസരത്തെ കിണറുകളിലും മറ്റും പന്നി മാലിന്യത്തിന്റെ അവശിഷ്ടങ്ങളും കണ്ടു തുടങ്ങി. അതോടെ നായാട്ടുകുണ്ട് ചൊക്കന പരിസരവാസികളും ദുരിതത്തിലായി. ഒരു കുടുംബം പന്നിമാലിന്യം മൂലം കിണർ നികത്തിയിരുന്നു.










0 comments