കോഴിക്കോട് യുവാവിനെ ബന്ദിയാക്കി, നഗ്നഫോട്ടോ അമ്മയ്ക്ക് അയച്ചെന്നും പരാതി; അന്വേഷണം

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരുവിൽ ബന്ദിയാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും അവ നാട്ടിലുള്ള അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. എട്ട് ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം 24നാണ് യുവാവ് ബംഗളൂരുവിലേക്ക് പോയത്. സുഹൃത്തിനൊപ്പം ഫ്ലാറ്റിൽ കഴിയവെ മറ്റൊരു സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ആറംഗസംഘം യുവാവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം വിട്ടയക്കണമെങ്കിൽ എട്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. യുവാവിന്റെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വീട്ടുകാർക്ക് അയക്കുകയും പണം നൽകിയില്ലെങ്കിൽ കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഒരു യുവതി ഉൾപ്പെടെ ആറുപേരാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments