പ്രളയജലം ഉയർന്നു; ഒഡീഷയിൽ മുതല ആക്രമണ സാധ്യത, ജനങ്ങൾക്ക് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: പ്രളയബാധിത മേഖലകളിൽ മുതല ആക്രമണ സാധ്യത വർധിച്ചതിനെ തുടർന്ന് ഒഡീഷ സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രത്യേകിച്ച് കേന്ദ്രപാര ജില്ലയിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി വീടുതോറുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളും അടിയന്തര വാട്സ്ആപ്പ് ഹെൽപ്‌ലൈൻ സംവിധാനവും ആരംഭിച്ചു.
നദികളിലെ ജലനിരപ്പ് ഉയരുകയും പ്രളയജലം ഗ്രാമങ്ങളിലേക്ക് കയറുകയും ചെയ്തതോടെ മുതലകൾ മനുഷ്യവാസ മേഖലകളിലേക്ക് എത്താനുള്ള സാധ്യത വർധിച്ചതായി അധികൃതർ അറിയിച്ചു. ബ്രാഹ്മണി, മഹാനദി, ബൈതരണി നദികളിലെ വെള്ളപ്പൊക്കമാണ് പ്രധാന ആശങ്കയ്ക്ക് കാരണം.
ഭിതർകനിക ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന കേന്ദ്രപാര ജില്ലയിൽ എസ്റ്റ്വറൈൻ മുതലകളുടെ സാന്നിധ്യം കൂടുതലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇവിടെ 117 സജീവ മുതല കൂടുകളുണ്ട്.
അടുത്തിടെ കേന്ദ്രപാരയിലെ ദാമോദരപട്ടണ ഗ്രാമത്തിൽ നദിയിൽ കുളിക്കുകയായിരുന്ന 46 കാരിയായ സ്ത്രീ മുതല ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് ബോധവത്കരണവും സുരക്ഷാ നടപടികളും ശക്തമാക്കിയത്.
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ മുതലകളെ കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും, ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.








0 comments