ad
Deshabhimani

മുത്തങ്ങ ഭൂസമരം: വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് അപ്പീൽ

Geethanandan Binu Rameshan Anilkumar

ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ

വെബ് ഡെസ്ക്

Published on Aug 05, 2026, 04:44 PM | 1 min read

കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്ര മഹാസഭ നേതാക്കൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെ 5 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട എം ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് അപ്പീൽ നൽകിയത്. പൊലീസ്‌ ഉദ്യോഗസ്ഥൻ അബ്‌ദുൾ സലാമിനും ഫോറസ്‌റ്റർ ശശിധരനുമെതിരയുള്ള വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടത്. കഴിഞ്ഞ ജൂലായ് 31നാണ് വിചാരണകോടതി ശിക്ഷി വിധിച്ചത്.


സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും മുൻകൂർ അനുമതിയില്ലാതെ സിബിഐ നടത്തിയ അന്വേഷണം നിയമവിരുദ്ധമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ മാത്രമേ തെളിയിക്കപ്പെട്ടിട്ടുള്ളൂ എന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നിട്ടും മറ്റ് കുറ്റങ്ങളിൽ ശിക്ഷിച്ചത് നിയമപരമല്ല. പ്രധാന സാക്ഷിയായ പി കെ ശശീധരന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നതിന് മതിയായ തെളിവുകളില്ലെന്നും അപ്പീലിലുണ്ട്.


കേസിൽ വിവിധ വകുപ്പുകളിലായി 19 വർഷം കഠിനതടവും ഏഴ്‌ മാസം തടവുമാണ്‌ കൽപ്പറ്റ പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട്‌ ആൻഡ്‌ സ്‌പെഷ്യൽ കോടതി ജഡ്‌ജി സി അയൂബ്‌ഖാൻ പത്താനപുരം വിധിച്ചത്‌. അഞ്ച്‌ വർഷം കഠിനതടവ്‌ ഒന്നിച്ച്‌ അനുഭവിച്ചാൽമതി.


മുത്തങ്ങ വെടിവപ്പ്‌ നടന്ന്‌ 23 വർഷത്തിനുശേഷമാണ് വിചാരണക്കോടതിയുടെ വിധിയുണ്ടാകുന്നത്‌. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19ന്‌ എ കെ ആന്റണിയുടെ സർക്കാർ വെടിയുതിർത്തതിനെ തുടർന്നുള്ള സംഘർഷത്തിൽ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ്‌ കൊല്ലപ്പെട്ടിരുന്നു. പൊലീസ്‌ വെടിവയ്‌പിൽ ആദിവാസി ജോഗിയും കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകൾക്കുനേരെ പൊലീസ്‌ നരനായാട്ട്‌ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home