ബാങ്ക് സ്വകാര്യവൽക്കരണം; ധനമന്ത്രിയുടെ പ്രസ്താവനയെ ശക്തമായി എതിർക്കുന്നു: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്

ന്യൂഡൽഹി : ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബാങ്ക് സ്വകാര്യവൽക്കരണത്തിന് അംഗീകാരം നൽകുമെന്ന് പറഞ്ഞതിനെ ശക്തമായി എതിർക്കുന്നതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU). രാജ്യത്തെ എല്ലാ ബാങ്കുകളിലെയും ഓഫീസർമാരുടെയും തൊഴിലാളികളുടെയും ഒമ്പത് ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് യുഎഫ്ബിയു. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നവംബർ 4ന് നടന്ന ഡയമണ്ട് ജൂബിലി വാർഷിക പ്രഭാഷണത്തിനിടെയാണ് ബാങ്ക് സ്വകാര്യവൽക്കരണം സംബന്ധിച്ച് ധനമന്ത്രി പ്രസ്താവന നടത്തിയത്. പരാമർശങ്ങളിൽ ആശങ്കയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നതായി യുഎഫ്ബിയു പറഞ്ഞു.
സ്വകാര്യവൽക്കരണം ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കളിലെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് നിർമല സീതാരാമൻ സ്വകാര്യവൽക്കരണത്തെ മഹത്വവത്കരിച്ചത്. ഈ വാദത്തെ തള്ളിക്കളയുന്നു, പൊതുമേഖലാ ബാങ്കിങ് ആണ് ഇന്ത്യയുടെ സാമ്പത്തിക ഉൾക്കൊള്ളലിന്റെയും ദേശീയ സാമ്പത്തിക സ്ഥിരതയുടെയും നട്ടെല്ലായി നിലകൊള്ളുന്നത്.
പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയെ പരിവർത്തനം ചെയ്തത്. 1969-ലെ ബാങ്ക് ദേശസാൽക്കരണം പ്രതീകാത്മക നടപടി ആയിരുന്നില്ല, അത് രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക അടിത്തറയെ മൗലികമായി മാറ്റിമറിച്ചു. പൊതുമേഖലാ ബാങ്കുകൾ സമഗ്രവും നീതിയുക്തവുമായ ദേശീയ വികസനത്തിനുള്ള ഉപകരണങ്ങളായി മാറി. ദേശസാൽക്കരണത്തിന് മുമ്പ്, ബാങ്കിംഗ് സേവനങ്ങൾ വ്യാവസായിക സ്ഥാപനങ്ങൾക്കും ഉന്നത ബിസിനസ് ഗ്രൂപ്പുകൾക്കും മാത്രമാണ് സേവനം നൽകിയിരുന്നത്. ദേശസാൽക്കരണത്തോടെ കർഷകർ, തൊഴിലാളികൾ, ചെറുകിട ബിസിനസുകാർ, സ്ത്രീകൾ, ദുർബല വിഭാഗങ്ങൾ, ഗ്രാമീണ പൗരന്മാർ എന്നിവർക്ക് വായ്പാ സൗകര്യങ്ങൾ ലഭിച്ചു. മുൻഗണനാ മേഖലകളിലെ വായ്പകൾ, കാർഷിക വായ്പകൾ, SC/ST ക്രെഡിറ്റ് സ്കീമുകൾ, SHG-കൾ (സ്വയം സഹായ സംഘങ്ങൾ), ഗ്രാമീണ സ്വയം തൊഴിൽ, വിദ്യാർഥി വായ്പകൾ, MSME (ചെറുകിട-ഇടത്തരം സംരംഭങ്ങൾ) പിന്തുണ, ക്ഷേമപദ്ധതികളുമായി ബന്ധിപ്പിച്ചുള്ള ബാങ്കിംഗ് എന്നിവ പൊതു നിയന്ത്രണത്തിൽ മാത്രമേ പ്രാവർത്തികമായുള്ളൂ.
സ്വകാര്യവൽക്കരണത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ നിലവിലെ യാഥാർത്ഥ്യങ്ങളെയും ചരിത്രങ്ങളെയും അവഗണിക്കുന്നതാണ്. ലാഭം കൂടുതലുള്ളിടത്ത് മാത്രമേ സ്വകാര്യ ബാങ്കുകൾ വായ്പ നൽകുകയുള്ളൂ. ലാഭകരമല്ലാത്ത ശാഖകൾ അടച്ചുപൂട്ടുകയും ജോലികൾ ഔട്ട്സോഴ്സ് ചെയ്യിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ബാങ്കുകൾ ദുർബല വിഭാഗങ്ങളെ അവഗണിക്കുന്നു. തൊഴിൽ വെട്ടിച്ചുരുക്കൽ, കരാർ ജോലികൾ, തൊഴിൽ സുരക്ഷയുടെ ശോഷണം, സംവരണ ആനുകൂല്യങ്ങളുടെ കുറവ്, ട്രേഡ് യൂണിയൻ അവകാശങ്ങൾക്കെതിരായ ആക്രമണം എന്നിവയിലേക്ക് സ്വകാര്യവൽക്കരണം നയിക്കുന്നു.
ഒരു പൊതുമേഖലാ ബാങ്കിനെയും സ്വകാര്യവൽക്കരിക്കില്ലെന്ന് സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്നും സ്വകാര്യവൽക്കരണം കൂടാതെ മൂലധന പിന്തുണ, സാങ്കേതിക ആധുനികവൽക്കരണം, സുതാര്യമായ ഭരണം എന്നിവയിലൂടെ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു.










0 comments