രാജ്യത്ത് പ്രതിദിനം പൂട്ടുന്നത് 13 സ്കൂളുകൾ; പകുതിയിലധികവും മധ്യപ്രദേശിലെന്ന് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ (2025-26) പ്രതിദിനം ശരാശരി 13 സ്കൂളുകൾ വീതം പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ 'യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്' (UDISE+) റിപ്പോർട്ടിലാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ആശങ്കപ്പെടുത്തുന്ന ഈ കണക്കുകളുള്ളത്.
ഒരു വർഷത്തിനിടെ രാജ്യത്താകെ 4,791 സ്കൂളുകളാണ് പൂട്ടിയത്. ഇതിൽ പകുതിയിലധികവും (2,426 സ്കൂളുകൾ) മധ്യപ്രദേശിലാണ്. സ്കൂളുകൾ പൂട്ടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ തെലങ്കാനയാണ് (1,392) രണ്ടാമത്. പശ്ചിമ ബംഗാൾ (568), ആന്ധ്രാപ്രദേശ് (474), തമിഴ്നാട് (369), കർണാടക (281), ഹിമാചൽ പ്രദേശ് (266) എന്നിവയാണ് തൊട്ടുപിന്നിൽ.
ഇതോടെ രാജ്യത്തെ ആകെ സ്കൂളുകളുടെ എണ്ണം 2024-25-ലെ 14,71,473-ൽ നിന്നും 2025-26-ൽ 14,66,682 ആയി കുറഞ്ഞു. ചില സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടും പുതിയ സ്കൂളുകൾ അനുവദിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ബിഹാറിൽ ഒരു വർഷത്തിനിടെ 946 പുതിയ സ്കൂളുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 4,37,037 കുട്ടികളുടെ കുറവാണുണ്ടായത്. ഛത്തീസ്ഗഢിൽ 234 സ്കൂളുകൾ പുതുതായി തുടങ്ങിയപ്പോൾ 49,459 വിദ്യാർത്ഥികൾ കുറഞ്ഞു.
ഡൽഹിയിൽ 87 പുതിയ സ്കൂളുകൾ വന്നപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 45,250-ന്റെ കുറവുണ്ടായി. രാജ്യത്ത് ഒരൊറ്റ വിദ്യാർത്ഥി പോലും പഠിക്കാനില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ ആദ്യമായി കുറവുണ്ടായിട്ടുണ്ട്. 2024-25-ൽ ഇത്തരത്തിലുള്ള 7,993 സ്കൂളുകൾ ഉണ്ടായിരുന്നത് 2025-26-ൽ 5,663 ആയി കുറഞ്ഞു.
എന്നാൽ, കുട്ടികളില്ലാത്ത ഈ സ്കൂളുകളിലായി രാജ്യത്തുടനീളം 20,667 അധ്യാപകർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നതാണ് വിരോധാഭാസം. പശ്ചിമ ബംഗാളിൽ കുട്ടികളില്ലാത്ത സ്കൂളുകളുടെ എണ്ണം 4,133 ആയി ഉയർന്നു. ഒരു വിദ്യാർത്ഥി പോലുമില്ലാത്ത ഈ സ്കൂളുകളിൽ 19,502 അധ്യാപകരാണ് നിലവിൽ ശമ്പളം പറ്റുന്നത്.
ഉത്തർപ്രദേശിൽ ഇത്തരം സ്കൂളുകളുടെ എണ്ണം 81-ൽ നിന്ന് 313 ആയി വർദ്ധിച്ചു. കഴിഞ്ഞവർഷം കുട്ടികളില്ലാത്ത ഒരു സ്കൂൾ പോലും ഇല്ലാതിരുന്ന ഛത്തീസ്ഗഢിൽ ഈ വർഷം അങ്ങനെയുള്ള 149 സ്കൂളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ 140 അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നും യുഡിഐഎസ്ഇ പ്ലസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുട്ടികൾ ഉള്ള സ്കൂളുകളിൽ അധ്യാപകരെ നിയമിക്കാതെയും കുട്ടികൾ ഇല്ലാത്ത സ്കൂളിൽ അധ്യാപകരെയും നിയമിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കുള്ള ഉദാഹരണം കൂടിയാണ്.
അതേസമയം, പൊതുവിദ്യാഭ്യാസ മേഖല ഉയർച്ചയിലേക്ക് നീങ്ങിയ സംസ്ഥാനമായി കേരളം നിലനിൽക്കുകയാണ്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസത്തോടുള്ള നിലപാടാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.











0 comments