ഉദയ്പൂരിൽ നവജാതശിശുക്കൾ തമ്മിൽ മാറിപ്പോയി; ഒടുവിൽ തിരിച്ചറിയാൻ രക്തപരിശോധന

ജയ്പൂർ: ഉത്തർപ്രദേശിലെ ജനനാ ആശുപത്രിയിൽ നവജാതശിശുക്കൾ തമ്മിൽ മാറിപോയതിനെ തുടർന്ന് ആശയക്കുഴപ്പം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അര മണിക്കൂറിന്റെ ഇടവേളയിൽ പ്രസവിച്ച രണ്ട് അമ്മമാർക്ക് കുട്ടികളെ കൈമാറിയപ്പോഴാണ് ആശയക്കുഴപ്പമുണ്ടായത്.
കുട്ടികളുടെ ലിംഗം മാറി ജീവനക്കാർ രക്ഷിതാക്കളെ അറിയിച്ചതാണ് തർക്കത്തിന് കാരണമായത്. പെൺകുഞ്ഞിന്റെ കുടുംബത്തിന് ആൺകുഞ്ഞാണ് എന്ന് പറഞ്ഞുകൊടുക്കുകയും, ആൺകുഞ്ഞിന്റെ കുടുംബത്തിന് പെൺകുഞ്ഞാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ഇതോടെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ വിസമ്മതിക്കുകയും ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ചെയ്തു. തുടർന്ന്, ആശുപത്രി സൂപ്രണ്ട് ആർ.എൽ. സുമന്റെ നേതൃത്വത്തിൽ രക്തഗ്രൂപ്പുകൾ, സോണോഗ്രാഫി റിപ്പോർട്ടുകൾ, പ്രസവ സമയക്രമം എന്നിവ അടിസ്ഥാനമാക്കി വിശദമായ പരിശോധന നടത്തി. ഈ രേഖകൾ പ്രകാരം, കുഞ്ഞുങ്ങളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചു.
ഇതിന് ശേഷമാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ഏറ്റെടുത്തത്. അന്തിമ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഗുരുതരമായ വീഴ്ചയ്ക്ക് കാരണമായ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ഒരു അന്വേഷണ സമിതിയെയും ആശുപത്രി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ രണ്ട് കുഞ്ഞുങ്ങളെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.









0 comments