ഇൻഡോർ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു; ഒരാൾ ന്യുമോണിയ ബാധിച്ച് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കളെ എലി കടിച്ചു. മഹാരാജ യശ്വന്ത്റാവു ആശുപത്രി(എംവൈഎച്ച്)യിലെ നിയോനാറ്റൽ ഐസിയുവിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങളെയാണ് എലി കടിച്ചത്. രണ്ട് ശിശുക്കളിൽ ഒരാൾ ചൊവ്വാഴ്ച മരിച്ചു. എന്നാൽ മരണകാരണം ന്യുമോണിയയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് എംവൈഎച്ച് ആശുപത്രിയിലെ രണ്ട് നവജാതശിശുക്കളെ എലി കടിച്ചത്. ഒരു ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കുമാണ് കടിയേറ്റത്. ന്യുമോണിയ ബാധിച്ച പെൺകുട്ടിയുടെ നില ഗുരുതരമായിരുന്നെന്നും പുലർച്ചയോടെ കുഞ്ഞ് മരിച്ചെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആൺകുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായി. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിലാണ് സംഭവം. കുഞ്ഞുങ്ങളെ എലി കടിച്ചത് പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധം ഉയർന്നു. തുടർന്ന് നഴ്‌സിംഗ് സൂപ്രണ്ടിനെ ആശുപത്രി ഭരണകൂടം സ്ഥാനത്ത് നിന്ന് നീക്കി. രണ്ട് നഴ്‌സിംഗ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ഗവൺമെന്റ് മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജുമായി ചേർന്നാണ് എംവൈഎച്ച് ആശുപത്രിയും പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ കീട നിയന്ത്രണത്തിനും ശുചീകരണത്തിനും കരാറെടുത്ത അജൈൽ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും ചുമത്തിയതായി മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ് ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഘംഗോറിയ പറഞ്ഞു.










0 comments