ad
Deshabhimani

പൂർവവൈരാഗ്യം; ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കുത്തിക്കൊന്നു

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 21, 2026, 11:02 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ പൂർവവൈരാഗ്യവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് രണ്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കുത്തിക്കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി പ്രദേശത്താണ് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിനിടെ കുട്ടികൾ കുത്തേറ്റു മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. മുൻപ് നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട രണ്ട് ഗ്രൂപ്പുകൾ തമ്മിൻ നിലനിന്നിരുന്ന ശത്രുതയാണ് അക്രമത്തിനും കൊലപാതകത്തിനും കാരണമെന്ന് പൊലീസ് പറഞ്ഞു.


ഈ വർഷം ആദ്യം തങ്ങളുടെ കൂട്ടാളികളിൽ ഒരാളുടെ കൊലപാതകത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് അഭയം നൽകിയതായി സംശയിക്കുന്ന ആൺകുട്ടിയെ കണ്ടെത്താനായി സുൽത്താൻപുരി പ്രദേശത്ത് മൂന്ന് പേർ എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇവരും പ്രായപൂർത്തിയാകാത്തവരാണ്. ആയുധങ്ങളുമായി എത്തിയ മൂവർക്കും കുട്ടിയെ കണ്ടെത്താനായില്ലെന്നും പിന്നീട് പ്രദേശത്തെ ഒരു കുടുംബത്തിലെ അംഗങ്ങളുമായി അവർ വഴക്കുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. തർക്കത്തിനിടെ യുവാക്കൾ ഒരു സ്ത്രീയെയും മകനെയും ആക്രമിച്ചതായും ഇരുവർക്കും പരിക്കേറ്റതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.


ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പരിക്കേറ്റ സ്ത്രീയുടെ മകനും പ്രദേശത്തെ മറ്റ് ചിലരും അവരെ പിന്തുടരുകയായിരുന്നു. പിന്തുടരുന്നതിനിടെ, ആൺകുട്ടികളിൽ ഒരാളുടെ കൈയിൽ നിന്ന് കത്തി താഴെ വീണു. ഇവരെ പിന്തുടർന്നുകൊണ്ടിരുന്ന എതിർ സംഘത്തിലെ 14 വയസ്സുള്ള ഒരു ആൺകുട്ടി കത്തി എടുത്ത് രണ്ട് പേരെയും ആക്രമിക്കുകയായിരുന്നു. ഒരാളുടെ കഴുത്തിലും മറ്റേയാളുടെ വയറ്റിലും കുത്തേറ്റു. ഗുരുതരമായ പരിക്കുകളോടെ ഇരുവരും റോഡിൽ കുഴഞ്ഞുവീണു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ പൊലീസ് അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മൂന്നാമത്തെ കുട്ടി ചികിത്സയിലാണ്.


മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തി ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവിഭാഗത്തിന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ കൊലപാതകം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home