ad
Deshabhimani

print edition കള്ളപരാതിയിൽ 20 കാരന് മൂന്നാം മുറ; ഹൃദ്‌രോഗിയെന്ന് കരഞ്ഞുപറഞ്ഞു, കാൽവെള്ള അടിച്ചുപൊട്ടിച്ചു

POCSO.jpg

20കാരന്റെ കാൽവെള്ളയിൽ 
പൊലീസ്‌ ലാത്തികൊണ്ടടിച്ചതിന്റെ പാട് നീലിച്ച് കിടക്കുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 12:57 AM | 1 min read

പത്തനംതിട്ട: ‘‘ഞാൻ ഹൃദ്‌രോഗിയാണെന്ന്‌ കരഞ്ഞുപറഞ്ഞു. അവർ കേട്ടില്ല. ലാത്തികൊണ്ട് കാൽവെള്ള അടിച്ചുപൊട്ടിച്ചു. ബൂട്ടിട്ട കാലുകൊണ്ട് കാൽപ്പത്തി ചവിട്ടിയരച്ചു. ചെവിയിൽ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചു. ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവയ്‌ക്കാനായിരുന്നു ശ്രമം’’ –പത്തനംതിട്ട കൂടലിൽ വ്യാജ പോക്‌സോ കേസിൽ പൊലീസ്‌ മർദിച്ച പാടം സ്വദേശിയായ ഇരുപതു കാരൻ വിങ്ങിപ്പൊട്ടി.


പതിമൂന്നുകാരിയുടെ വ്യാജമൊഴിയിലാണ് കൂടൽ പൊലീസ്‌ യുവാവിനെ പിടികൂടി അതിക്രൂരമായി മർദിച്ചത്‌. എസ്ഐ ജയ്-മോഹനും സംഘവും വെള്ളി രാത്രി എട്ടോടെ പത്തനാപുരത്തെ വാടകവീട്ടിൽനിന്നാണ്‌ യുവാവിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തത്‌. സിവിൽ വേഷത്തിൽ സ്വകാര്യകാറിൽ വന്ന പൊലീസുകാർ സ്റ്റേഷനുപകരം ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയാണ്‌ മർദിച്ചത്‌.


ഹൃദയത്തിൽ സുഷിരങ്ങളുള്ള യുവാവിന്‌ 2023ൽ ഹൃദയം തുറന്ന ശസ്‌ത്രക്രിയ നടത്തിയിരുന്നുവെന്ന് മൂത്തസഹോദരൻ പറഞ്ഞു. ‘‘അവനെ ഒന്നും ചെയ്യല്ലേയെന്ന് പൊലീസുകാരോട്‌ പറഞ്ഞെങ്കിലും കേട്ടില്ല. പരാതിക്കാരെക്കുറിച്ചോ ആരോപണത്തെപ്പറ്റിയോ അറിയില്ലെന്ന്‌ പറഞ്ഞിട്ടും മർദനം അസഭ്യവും തുടർന്നു.’’


എസ്ഐ ജയ്മോഹനും മറ്റ് പൊലീസുകാർക്കും വ്യാജപരാതിക്കാരിക്കുമെതിരെ നടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല എന്നിവർക്ക്‌ യുവാവ്‌ പരാതി നൽകി. പൊലീസിന്റെ വീഴ്‌ച അന്വേഷിക്കാൻ ജില്ലാ പൊലീസ്‌ മേധാവി ഉത്തരവിട്ടു.


10 പേർ ലൈംഗികമായി തന്നെ പീഡിപ്പിച്ചെന്ന ഒന്പതാംക്ലാസുകാരിയുടെ മൊഴിയിലാണ് പൊലീസ്‌ യുവാവിനെ കസ്റ്റഡിയിലെടുത്ത്‌ മർദിച്ചത്‌. പ്രണയം നിരസിച്ച സഹപാഠിയെയും സുഹൃത്തുക്കളെയും കേസിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിനിടെ, യുവാവിന് നെഞ്ചുവേദനയെ തുടർന്ന് തിങ്കൾ രാത്രി അടൂർ ഗവൺമെന്റ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home