ഉത്തരകാശിയിലെ മേഘവിസ്ഫോടനം; 2 മൃതദേഹം കണ്ടെത്തി

photo credit: X
ലഖ്‌നൗ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മേഘസ്‌ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. ഏഴ് പേരെ കാണാനില്ല. ബാർകോട്ട് - യമുനോത്രി റോഡിലെ ബാലിഗഡിൽ ഞായറാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിർമാണത്തിലിരിക്കുന്ന ഹോട്ടൽ തകർന്നായിരുന്നു അപകടം. ശനിയാഴ്ച അർധരാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അപകടസമയത്ത് കെട്ടിടത്തിന്റെ സമീപത്ത് ടെന്റിൽ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികൾ. ഇവരിൽ അഞ്ച് പേർ നേപ്പാൾ പൗരരും ഒരാൾ ഉത്തർപ്രദേശിൽ നിന്നും മൂന്ന് പേർ ഡെറാഡൂണിൽ നിന്നുള്ളവരുമാണ്. നിർമാണ സ്ഥലത്ത് 19 തൊഴിലാളികൾ ഉണ്ടായിരുന്നു. 10പേരെ അപ്പോൾ തന്നെ രക്ഷപ്പെടുത്തി.
ചാർ ധാം യാത്ര നിർത്തിവെച്ചു
കനത്ത മഴയെ തുടർന്ന് ചാർ ധാം യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചു. ബദരീനാഥിലേക്കും കേദാർനാഥിലേക്കും പോകുന്ന തീർഥാടകരെ ശ്രീനഗറിലും രുദ്രപ്രയാഗിലും തടഞ്ഞിട്ടുണ്ടെന്നും യമുനോത്രിയിലേക്കും ഗംഗോത്രിയിലേക്കുമുള്ള തീർത്ഥാടകരെ വികാസ്നഗറിലും ബാർകോട്ടിലും തടഞ്ഞിട്ടുണ്ടെന്നും ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു. ഉത്തരകാശി, രുദ്രപ്രയാഗ്, ഡെറാഡൂൺ, തെഹ്രി, പൗരി, ചമ്പാവത്, ബാഗേശ്വർ, ഉധം സിംഗ് നഗർ, ഹരിദ്വാർ എന്നിവിടങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി പറഞ്ഞു. ഇവിടെയെല്ലാം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.









0 comments