കിഷ്‌ത്വാറിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്‌ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ട്രാഷി-ഐ' തിരച്ചിലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്.
കിഷ്‌ത്വാറിലെ ചത്രൂ ബെൽറ്റിലുള്ള പാസർകുട്ട് മേഖലയിലാണ് ഇന്ന് രാവിലെ 11 മണിയോടെ വെടിവയ്പുണ്ടായത്. ജമ്മു കശ്മീർ പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, സിആർപിഎഫ്, സിഐഎഫ് ഡെൽറ്റ വിഭാഗം എന്നിവർ ചേർന്നാണ് ഈ സംയുക്ത നീക്കം നടത്തിയത്.
കൊല്ലപ്പെട്ട രണ്ട് ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്നും നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും സ്ഥിരീകരിച്ചു. ഇവരിൽ നിന്ന് എകെ-47 റൈഫിളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ സേന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഈ വർഷം മാത്രം ജമ്മു മേഖലയിൽ വിവിധ ഏറ്റുമുട്ടലുകളിലായി ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു (ഉദംപൂരിൽ രണ്ട് പേർ, കതുവയിൽ ഒരാൾ എന്നിവരുൾപ്പെടെ). കഴിഞ്ഞ മാസം ചത്രൂ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.










0 comments