ഗുജറാത്തിൽ രണ്ടര ലക്ഷം കുട്ടികളിൽ പോഷകപരിമിതി; കണക്കുകൾ പുറത്ത്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ഗുജറാത്തിലെ ജനജീവിതത്തിന്റെ യഥാർഥ ചിത്രം തെളിയുന്നതാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ചകൾ. ഗുജറാത്തിലെ കുട്ടികളുടെ പോഷകാഹാരക്കുറവിനെക്കുറിച്ചാണ് നിയമസഭയിൽ ചർച്ചയായത്. ഗുജറാത്തിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വനിത-ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ടു. നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 30 ജില്ലകളിലായി 2,57,269 കുട്ടികളാണ് നിലവിൽ പോഷകാഹാരക്കുറവ് നേരിടുന്നത്.
തുടർച്ചയായി 28 വർഷം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 100ൽ 40 കുട്ടികളും പോഷക ആഹാരത്തിന്റെ കുറവ് നേരിടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ പ്രതിപക്ഷം തെറ്റായ കണക്കാണ് പരിശോധിച്ചതെന്നും പുതിയ കണക്കുകൾ അറിഞ്ഞിരിക്കണമെന്നും വനിതാ ശിശുവികസന മന്ത്രി മനിഷ വാകിലിന്റെ ന്യായം. 2026 ജനുവരിയിലെ പോഷൻ ട്രാക്കർ കണക്കുപ്രകാരം 11.4 ശതമാനം കുട്ടികൾ മാത്രമാണ് പോഷകക്കുറവ് നേരിടുന്നതും മന്ത്രി പറഞ്ഞു.
ഗുജറാത്തിലെ കുട്ടികളിലെ പോഷകാഹാര പരിമിതി ചർച്ചയായതോടെ പോഷൻ ട്രാക്കർ കണക്കുകളും ദേശീയ കുടുംബാരോഗ്യ സർവേ ഫലവും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതുമാത്രമല്ല ഈ രണ്ട് സംവിധാനങ്ങളും വ്യത്യസ്ത രീതിശാസ്ത്രങ്ങൾ പിന്തുടരുന്നതിനാൽ ഇത് താരതമ്യം ചെയ്യാൻ കഴിയില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മന്ത്രിയുടെ ന്യായീകരണം തെറ്റാണെന്ന തരത്തിലാണ് വിദഗ്ധാഭിപ്രായം.
ദേശീയ കുടുംബാരോഗ്യ സർവേ ജനസംഖ്യയുടെ കൃത്യമായ പ്രതിനിധികളെ ഉൾപ്പെടുത്തി വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഒരു സാമ്പിൾ സർവേയാണ്. അങ്കണവാടികളിൽ പോകാത്ത കുട്ടികളും ഈ കണക്കുകളിൽ ഉൾപ്പെടും. പോഷൻ ട്രാക്കർ ഒരു തത്സമയ നിരീക്ഷണ സംവിധാനമാണ്. അങ്കണവാടികളിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ വളർച്ചാ വിവരങ്ങൾ മാത്രമാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പോഷൻ ട്രാക്കറിലെ വിവരങ്ങൾ പൂർണമാണെന്നതിന് തെളിവില്ല.
പോഷകാഹാരക്കുറവിനെ ശതമാനമായി കണക്കാക്കാതെ കുട്ടികളുടെ പ്രായത്തിനൊത്ത ഉയരക്കുറവ്, പൊതുവായ തൂക്കക്കുറവ്, പെട്ടന്നുണ്ടാകുന്ന ഭാരക്കുറവ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് 2025 ജൂലൈയിലെ പോഷൻ ട്രാക്കർ വിവരങ്ങൾ ലഭ്യമായിട്ടുള്ളത്.
രാജ്യത്തെ 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന വിവിധ പോഷകാഹാര സൂചികകളിൽ ഗുജറാത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. സംസ്ഥാനത്ത് വളർച്ചാമുരടിപ്പ് നേരിടുന്ന 32.7 ശതമാനം കുട്ടികളുണ്ട്. ഈ സൂചികയിൽ ഗുജറാത്ത് 21ാം സ്ഥാനത്താണ്. പെട്ടന്നുണ്ടാകുന്ന പോഷകക്കുറവുള്ള 7.2 ശതമാനം കുട്ടികളും 18.4 ശതമാനം പൊതുവായ ഭാരക്കുറവ് നേരിടുന്ന കുട്ടികളുമുള്ള സംസ്ഥാനം ഈ സൂചികകളിൽ 31ാം സ്ഥാനത്തുമാണ്.
ഗുജറാത്ത് മാത്രമല്ല ഇക്കാര്യത്തിൽ പിന്നിലുള്ളത്. ഏറ്റവും മോശം അവസ്ഥയിലുള്ളത് ഉത്തർപ്രദേശാണ് (48.8%). ജാർഖണ്ഡ്, അസം, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 42 ശതമാനത്തിലധികം കുട്ടികൾ ഈ പ്രശ്നം നേരിടുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പലതും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണാം. കുട്ടികളിലെ പോഷകാഹാക്കുറവ് നികത്താൻ യാതൊരു നടപടിയും ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഗോത്ര മേഖലയിലുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവ് നേരിടുന്നത്.
ശിശുക്ഷേമത്തിനായി വിവിധ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവയൊന്നും അർഹരായവരിലേക്ക് എത്തിക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല. പോഷകാഹാര വിതരണത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി കോടികൾ ഗുജറാത്തിലെ ബിജെപി സർക്കാർ ചെലവഴിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതെല്ലാം വാക്കുകളിലൊതുങ്ങുന്നതാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് നിലവിൽ വനിത-ശിശുവികസന മന്ത്രാലയം തന്നെ പുറത്തുവിട്ടിരിക്കുന്നത്.










0 comments