ട്വിഷ ശർമയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ, നടപടി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർതൃമാതാവ് ഗിരിബാല സിങ് അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി അവർക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10:30ഓടെ മൂന്നംഗ സിബിഐ സംഘം ഗിരിബാലയുടെ വീട്ടിലെത്തി അവരെ ചോദ്യം ചെയ്തിരുന്നു. ഏജൻസി വീടിന്റെ ഡിജിറ്റൽ മാപ്പിംഗും നടത്തിയതായും റിപ്പോർട്ടുണ്ട്. ഒരാഴ്ച മുമ്പാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.
മെയ് 12-നാണ് നോയിഡ സ്വദേശിയായ ട്വിഷയെ ഭോപ്പാലിലെ കത്താറ ഹിൽസ് പ്രദേശത്തെ വിവാഹ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് മാസമാകുമ്പോഴായിരുന്നു ട്വിഷയുടെ മരണം. 2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് തങ്ങളുടെ മകളെ ശാരീരിക പീഡനമടക്കം വിവിധ തരത്തിലുള്ള ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു.
താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ "കുടുങ്ങിപ്പോയതുപോലെ" അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരില്‍ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നുണ്ട്. സ്ത്രീധന പീഡനത്തിന് ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത് സിങ്, അമ്മായിയമ്മയും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിങ് എന്നിവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പത്ത് ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത് സിങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്ച ജബൽപൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ കോടതി ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.











0 comments