ട്വിഷ ശർമയുടെ മരണം: ഭർത്താവ് കോടതിയിൽ കീഴടങ്ങി

ട്വിഷ ശർമയും ഭർത്താവ് സമർത്ഥ് സിങ്ങും വിവാഹ വേഷത്തിൽ
ഭോപ്പാൽ: മോഡലായ ട്വിഷ ശർമ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ കഴിഞ്ഞ 10 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർത്ഥ് സിങ് ജബൽപൂർ ജില്ലാ കോടതിയിൽ കീഴടങ്ങി. നേരത്തെ ഇദ്ദേഹം മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചു. പ്രതിയ്ക്ക് വിചാരണ കോടതിയിലോ ഭോപ്പാലിലെ കത്താറ പൊലീസ് സ്റ്റേഷനിലോ കീഴടങ്ങാൻ മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
അതേസമയം, ട്വിഷ ശർമയുടെ മൃതദേഹം പുറത്തെടുത്ത് രണ്ടാം പോസ്റ്റുമോർട്ടത്തിന് മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകി. ഡൽഹി എംയിസിലെ ഒരു സംഘം വിദഗ്ദരുടെ നേതൃത്തിലായിരിക്കണം പോസ്റ്റുമോർട്ടം എന്ന് കോടതി നിർദേശിച്ചു. കീഴ്കോടതി ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ട്വിഷയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പോസ്റ്റ്‌മോർട്ടത്തിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാം തവണയും പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. കൂടാതെ, ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തതെന്നും അവർ ആരോപിച്ചു.
മോഡലും നടിയുമായ ട്വിഷയെ മേയ് 12-നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിംഗുമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് മാസമാകുമ്പോഴായിരുന്നു ട്വിഷയുടെ മരണം. 2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് തങ്ങളുടെ മകളെ ശാരീരിക പീഡനമടക്കം വിവിധ തരത്തിലുള്ള ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു. താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ "കുടുങ്ങിപ്പോയതുപോലെ" അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരില്‍ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നുണ്ട്.











0 comments