ട്വിഷ ശർമയുടെ മരണത്തിൽ വഴിത്തിരിവ്; രണ്ടാം പോസ്റ്റുമോർട്ടത്തിന് ഹൈക്കോടതിയുടെ അനുമതി

ട്വിഷ ശർമ (Photo: NDTV)
ഭോപ്പാൽ: ദുരൂഹ സാഹചര്യത്തിൽ മരിച്ച ട്വിഷ ശർമയുടെ മൃതദേഹം പുറത്തെടുത്ത് രണ്ടാം പോസ്റ്റുമോർട്ടത്തിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ അനുമതി. ഡൽഹി എംയിസിലെ ഒരു സംഘം വിദഗ്ദരുടെ നേതൃത്തിലായിരിക്കണം പോസ്റ്റുമോർട്ടം എന്ന് കോടതി നിർദേശിച്ചു. കീഴ്കോടതി ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ട്വിഷയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പോസ്റ്റ്‌മോർട്ടത്തിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാംവട്ടവും പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. കൂടാതെ, ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തതെന്നും അവർ ആരോപിച്ചു.
തൂങ്ങിമരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വസ്‌തുക്കൾ (കയറോ തുണിയോ പോലുള്ളവ) ആദ്യത്തെ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥർ ലഭ്യമാക്കിയിരുന്നില്ല എന്നും കുടുംബം ഹർജിയിൽ ആരോപിച്ചിരുന്നു. ട്വിഷ ശർമ്മയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളെക്കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് അഭിഭാഷകൻ ചോദ്യം ചെയ്തു. പോസ്റ്റ്‌മോർട്ടം സമയത്ത് രേഖപ്പെടുത്തിയ ട്വിഷയുടെ ഉയരവും പോലീസ് റിപ്പോർട്ടിൽ പറയുന്ന ഉയരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഇതാണ് ഗുരുതരമായ മറ്റൊരു വൈരുദ്ധ്യം. തുടർന്നാണ് രണ്ടാം പോസ്റ്റുമോർട്ടത്തിന് ഹൈക്കോടതി അനുമതി നൽകിയത്.
മോഡലും നടിയുമായ ട്വിഷയെ മേയ് 12-നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിംഗുമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് മാസമാകുമ്പോഴായിരുന്നു ട്വിഷയുടെ മരണം. 2024-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് തങ്ങളുടെ മകളെ ശാരീരിക പീഡനമടക്കം വിവിധ തരത്തിലുള്ള ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചു. താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ "കുടുങ്ങിപ്പോയതുപോലെ" അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരില്‍ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നുണ്ട്.











0 comments