ad
Deshabhimani

വിജയ്‌യുടെ സത്യവാങ്മൂലത്തിൽ കള്ളക്കളി; അയോഗ്യത ഒഴിവാക്കാൻ അവസാന നിമിഷം തിരുത്തൽ

vijay tvk
വെബ് ഡെസ്ക്

Published on Apr 05, 2026, 02:03 PM | 1 min read

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പരസ്പരവിരുദ്ധമായതിനെത്തുടർന്ന് വെട്ടിലായി. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ പത്രിക നൽകിയ വിജയ്, രണ്ട് സ്ഥലങ്ങളിലും വ്യത്യസ്തമായ വിവരങ്ങളാണ് സമർപ്പിച്ചത്.


അയോഗ്യത ഭീഷണി ഉയർന്നതോടെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശനിയാഴ്ച തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിച്ചാണ് താരം തടിയൂരിയത്. പെരമ്പൂരിൽ തിങ്കളാഴ്ച നൽകിയ ആദ്യ പത്രികയിൽ തനിക്കെതിരെ ക്രിമിനൽ കേസുകളില്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരുന്നത്.


എന്നാൽ മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകിയപ്പോൾ തനിക്കെതിരെ രണ്ട് കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പെരമ്പൂർ റാലിക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും 2025-ൽ മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ അനുയായിയെ ബൗൺസർമാർ മർദ്ദിച്ചതിനുമാണ് വിജയ്‌ക്കെതിരെ കേസുകളുള്ളത്.


കേസുകളുടെ കാര്യത്തിൽ മാത്രമല്ല, പ്രായത്തിന്റെ കാര്യത്തിലും പൊരുത്തക്കേടുണ്ട്. പെരമ്പൂരിലെ രേഖകളിൽ 52 വയസ്സെന്ന് നൽകിയപ്പോൾ തിരുച്ചിറപ്പള്ളിയിൽ ഇത് 51 എന്നാണ് രേഖപ്പെടുത്തിയത്. വിവരം വിവാദമായതോടെ, 2025-ലെ കേസിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും പിന്നീട് വിവരം ലഭിച്ചപ്പോൾ തിരുച്ചിറപ്പള്ളിയിൽ അത് ഉൾപ്പെടുത്തിയെന്നുമാണ് വിജയ് നൽകുന്ന വിശദീകരണം.


അതിനിടെ ലാൽഗുഡിയിലെ ടിവികെ സ്ഥാനാർത്ഥി ആദവ് അർജുനയുടെ ബന്ധുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തത് പാർട്ടിക്ക് തിരിച്ചടിയായി. ആദായനികുതി ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് സ്ക്വാഡും ചേർന്നാണ് പണം കണ്ടെടുത്തത്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ കരുതിയ പണമാണിതെന്ന് ആരോപണമുണ്ട്.


വോട്ടിന് പണം നൽകുന്നതിനെതിരെ വേദിയിൽ പ്രസംഗിക്കുന്ന വിജയ്‌യുടെ പാർട്ടിക്കാർ തന്നെ പണം ഒഴുക്കുന്നത് വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് ഡിഎംകെയും എഐഎഡിഎംകെയും. ഡിഎംകെയുടെ ഇണിഗോ ഇരുദയരാജിനെതിരെ തിരുച്ചിറപ്പള്ളി ഈസ്റ്റിലും ആർ ഡി ശേഖറിനെതിരെ പെരമ്പൂരിലുമാണ് വിജയ് മത്സരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home