ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; മഹാരാഷ്ട്രയിലെ ഹോട്ടലുകളുടെ പേടിസ്വപ്നമായ ഐഎഎസ് ഉദ്യോഗസ്ഥൻ

മുംബൈ: ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ മഹാരാഷ്ട്രയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷ്യസ്ഥാപനങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെ. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണറായി ചുമതലയേറ്റ ശേഷം ഭക്ഷണത്തിൽ മായം കലർത്തുന്നവർ മുതൽ പ്രമുഖ റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, ക്വിക്ക് കൊമേഴ്‌സ് ഡാർക്ക് സ്റ്റോറുകൾ, സ്കൂൾ-സർക്കാർ കാന്റീനുകൾ വരെ പരിശോധനയുടെ പരിധിയിൽ കൊണ്ടുവന്നിരിക്കുകയാണ് അദ്ദേഹം. ആരോഗ്യമുള്ള രാജ്യമാണ് തന്റെ ലക്ഷ്യമെന്നാണ് മുണ്ടെ പറയുന്നത്.
മെയ് 26ന് ചുമതലയേറ്റ 51കാരനായ മുണ്ടെയുടെ നേതൃത്വത്തിൽ രണ്ടുമാസത്തിനിടെ 3,000ത്തിലധികം പരിശോധനകൾ നടന്നു. ഏകദേശം 165 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ലൈസൻസ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. “ഈ നിയമങ്ങൾ ഞാൻ ഉണ്ടാക്കിയതല്ല. വർഷങ്ങളായി നിലവിലുള്ളവയാണ്. ഞാൻ അവ നടപ്പാക്കുകയാണ്” എന്നാണ് വിമർശകരോട് മുണ്ടെയുടെ മറുപടി.
മുൻകാലത്ത് എഫ്ഡിഎ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ച് പരിശോധനാഫലം വന്നശേഷം നടപടിയെടുക്കുന്ന രീതിയായിരുന്നുവെന്ന് മുണ്ടെ പറയുന്നു. എന്നാൽ സ്ഥലപരിശോധനയിൽ കണ്ടെത്തുന്ന ഗുരുതര വീഴ്ചകൾക്ക് ഉടൻ നടപടി സ്വീകരിക്കുന്ന രീതിയിലേക്ക് അദ്ദേഹം സംവിധാനം മാറ്റി. ഇതിനെതിരെ ചില സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ആമസോൺ റീട്ടെയിൽ ഇന്ത്യയുടെ ഗോഡൗണിനെതിരായ നടപടിയിൽ ‘കൊതുകിനെ വാളുകൊണ്ട് കൊല്ലുന്നതുപോലെ’ എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ പരാമർശം. എന്നാൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുള്ള സാഹചര്യത്തിൽ ഉടൻ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നിയമം അനുവദിക്കുന്നുവെന്നാണ് മുണ്ടെയുടെ നിലപാട്.
സ്വകാര്യ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യമിടുകയാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ കോടതി കെട്ടിടത്തിലെ മൂന്ന് കാന്റീനുകളിലും എഫ്ഡിഎ പരിശോധന നടത്തി. അവയിൽ രണ്ടെണ്ണം ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതായും മുണ്ടെ പിന്നീട് വെളിപ്പെടുത്തി.
2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുണ്ടെയുടെ ഔദ്യോഗിക ജീവിതവും വിവാദങ്ങളും സ്ഥലംമാറ്റങ്ങളും നിറഞ്ഞതാണ്. 21 വർഷത്തിനിടെ 25 തവണയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. സർവീസിന്റെ തുടക്കത്തിൽ സോളാപൂരിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിച്ചപ്പോഴും പിന്നീട് മണൽമാഫിയയ്‌ക്കെതിരെ രംഗത്തെത്തിയപ്പോഴും കടുത്ത എതിർപ്പുകൾ നേരിട്ടു. നാന്ദേഡിൽ അസിസ്റ്റന്റ് കളക്ടറായിരിക്കെ മണൽമാഫിയയിൽനിന്ന് വധഭീഷണിയും ലഭിച്ചു.
സോളാപൂർ ജില്ലാ കളക്ടറായിരിക്കെ ജലസംരക്ഷണ മേഖലയിൽ നടപ്പാക്കിയ ‘മുണ്ടെ പാറ്റേൺ’ ശ്രദ്ധേയമായി. അഞ്ച് മാസത്തിനിടെ 13,000 ഹെക്ടറിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സോളാപൂരിനെ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയാക്കി മാറ്റിയതോടെ മികച്ച കളക്ടർക്കുള്ള പുരസ്കാരവും ‘വാട്ടർമാൻ ഓഫ് മഹാരാഷ്ട്ര’ എന്ന വിശേഷണവും ലഭിച്ചു.
കോവിഡ് കാലത്ത് നാഗ്പൂർ മുനിസിപ്പൽ കമ്മീഷണറായിരുന്നപ്പോൾ സ്വീകരിച്ച കടുത്ത നടപടികൾക്ക് പൊതുജനങ്ങളിൽനിന്ന് പ്രശംസ ലഭിച്ചെങ്കിലും രാഷ്ട്രീയ എതിർപ്പ് ശക്തമായിരുന്നു. ഏഴുമാസത്തിനകം അവിടെനിന്നും സ്ഥലംമാറ്റപ്പെട്ടു. പിന്നീട് ദേശീയ ആരോഗ്യ ദൗത്യത്തിലെ ചുമതലയിൽ സർക്കാർ ഡോക്ടർമാർ ജോലി സമയത്ത് സ്വകാര്യ ക്ലിനിക്കുകൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയും ഏതാനും മാസങ്ങൾക്കകം സ്ഥലംമാറ്റമുണ്ടായി.
ഇപ്പോൾ ഭക്ഷ്യസുരക്ഷയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. സ്കൂൾ കാന്റീനുകളിലെ ജങ്ക് ഫുഡിനെതിരെയും പ്രമുഖ ഭക്ഷ്യശൃംഖലകളുടെയും ക്ലബ്ബുകളുടെയും റസ്റ്റോറന്റുകളുടെയും വീഴ്ചകൾക്കെതിരെയും നടപടികൾ തുടരുകയാണ്.
'ആളുകൾ പണം കൊടുത്ത് വാങ്ങുന്ന ഭക്ഷണം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താൻ വ്യാപാരികളോട് ആവശ്യപ്പെടുന്നത്, നമ്മുടെ നാട്ടിലെ എല്ലാവരുടെയും ഒരു പൊതു ശീലവും അവകാശവുമായി മാറണം. ജനങ്ങൾ അങ്ങനെ സ്വന്തം അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ തുടങ്ങുന്ന ഘട്ടമെത്തിയാൽ, അതാണ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ വിജയം.' എന്നാണ് മുണ്ടെ പറയുന്നത്.
തുടർച്ചയായ സ്ഥലംമാറ്റങ്ങളെക്കുറിച്ചോ ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യങ്ങളെയോ മുണ്ടെ കാര്യമായി കാണുന്നില്ല. “എന്നെ പോലുള്ള നേരായ വ്യക്തിയെ രാഷ്ട്രീയത്തിൽ സ്വീകരിക്കുമെന്നു തോന്നുന്നില്ല” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.










0 comments