ad
Deshabhimani

ഓണത്തിന് ‘മണ്ണു സദ്യ’, റോഡിൽ പൂക്കളം; സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്‌സ്

Rank Holders Protest.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 05:25 PM | 1 min read

തിരുവനന്തപുരം: ഓണനാളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മക ‘മണ്ണു സദ്യ’ വിളമ്പി റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരം. പിഎസ്‍സി നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് എൽഡിവി റാങ്ക് ഹോൾഡേഴ്‌സാണ് ഒണത്തിന് മണ്ണുതിന്ന് പ്രതിഷേധിച്ചത്.


സദ്യവട്ടങ്ങളൊന്നുമില്ലാതെ, ഓണനാളുകളിലും വീട്ടിലേക്ക് മടങ്ങാതെ സെക്രട്ടറിയറ്റിന് മുന്നിൽ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിന്‍റെയും സമരം തുടരുകയാണ്. സമരം 52-ാം ദിവസത്തിലേക്ക് കടന്നതോടെ തിരുവോണ ദിനത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി റാങ്ക് ഹോൾഡേഴ്‌സ്‌ റോഡിൽ പൂക്കളം ഒരുക്കി. എൽപി വിഭാഗത്തിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കുക, എച്ച്‌ടിവി പോസ്റ്റുകൾ പിഎസ്‌സിക്ക് വിടുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക എന്നീ ആവശ്യങ്ങളുയർത്തിയാണ്‌ സമരം. ഇവ പരിശോധിക്കുന്നതിന് 45 ദിവസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌.


അനുകൂലമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ്‌ ചർച്ചയിൽ ലഭിച്ചതോടെയാണ്‌ സമാധാന സമരം ഉദ്യോഗാർഥികൾ തുടരുന്നത്‌. 37 ദിവസം സമരവും 13 ദിവസം നിരാഹാര സമരവും നടത്തിയതിനുശേഷമാണ്‌ സർക്കാർ ചർച്ചയ്ക്ക്‌ തയ്യാറായത്‌. സെപ്റ്റംബർ 24നകം സർക്കാർ നിലപാട് ഉദ്യോഗാർഥികളെ അറിയിക്കേണ്ടതുണ്ട്. ഓണത്തിന്റെ സന്തോഷദിനങ്ങളിലും കുടുംബത്തോടൊപ്പം ചേരാതെ, അവകാശങ്ങൾ നേടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് സെക്രട്ടറിയറ്റിന് മുന്നിൽ സമരം തുടരുന്നതെന്നും സർക്കാർ കൈവിട്ടാൽ സെപ്റ്റംബർ 25 മുതൽ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ഓൾ കേരള എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ്‌ അസോസിയേഷൻ സമരസമിതി സെക്രട്ടറി വളർമതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home