മോദി സർക്കാരിന്റെ നയതന്ത്ര പരാജയം ; സഹകരണം ശക്തമാക്കാൻ ട്രംപ് അസിം മുനീർ ധാരണ

എം പ്രശാന്ത്
Published on Jun 21, 2025, 03:21 AM | 1 min read
ന്യൂഡൽഹി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായുള്ള കൂടിക്കാഴ്‌ചയിൽ വ്യാപാര– പ്രതിരോധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതായി റിപ്പോർട്ട്. പാകിസ്ഥാന്റെ വ്യോമമേഖലയിൽ യുഎസ് വിമാനങ്ങൾക്ക് പ്രവേശനസ്വാതന്ത്ര്യം, പാക് വ്യോമതാവളങ്ങളും മറ്റ് പശ്‌ചാത്തലസൗകര്യങ്ങളും ഉപയോഗിക്കുന്നതിന് അനുമതി തുടങ്ങിയവ ചർച്ചയായി.
പകരം പാകിസ്ഥാന് അമേരിക്ക ആയുധങ്ങള്‍ നൽകും. വ്യാപാരസഹകരണവും വിപുലമായി ചർച്ച ചെയ്യപ്പെട്ടു. പാകിസ്ഥാനുമായി എത്രയും വേഗം വ്യാപാര കരാറിൽ എത്തണമെന്ന താൽപ്പര്യമാണ് കൂടിക്കാഴ്‌ചയിൽ ട്രംപ് പ്രകടിപ്പിച്ചത്. വൈറ്റ്‌ഹൗസിൽ ഉച്ചഭക്ഷണത്തോട് കൂടിയ കൂടിക്കാഴ്‌ച ഒരു മണിക്കൂറാണ് നിശ്‌ചയിച്ചിരുന്നതെങ്കിലും രണ്ടു മണിക്കൂർ നീണ്ടു.
ഇറാൻ –- ഇസ്രയേൽ സംഘർഷവും ചർച്ചാവിഷയമായി. സംഘർഷത്തിൽ അയവ് വേണമെന്ന താൽപ്പര്യമാണ് ട്രംപും മുനീറും പ്രകടിപ്പിച്ചത്. പാക് വ്യോമമേഖല തുറന്നുകിട്ടണം എന്നതടക്കമുള്ള ആവശ്യം ഇറാൻ–- ഇസ്രയേൽ സംഘർഷത്തിന്റെ കൂടി പശ്‌ചാത്തലത്തിലാണ് അമേരിക്ക മുന്നോട്ടുവെച്ചതെന്ന സൂചനയുണ്ട്.
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം മടങ്ങിയതിന് പിന്നാലെയാണ് പാക് സേനാമേധാവി ട്രംപിനെ കണ്ടത്. ട്രംപിനെ കാണാൻ ഇന്ത്യൻ സംഘം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. വൈസ്‌പ്രസിഡന്റ് ജെ ഡി വാൻസുമായി മാത്രം കൂടിക്കാഴ്‌ച ഒതുങ്ങി. മുനീർ – -ട്രംപ് കൂടിക്കാഴ്‌ചയോടെ വെടിനിർത്തലിന് ശേഷമുള്ള നയതന്ത്ര ഇടപെടലുകളിൽ പാകിസ്ഥാൻ ഇന്ത്യയെ മറികടന്നുവെന്ന വിലയിരുത്തലാണ് ഉയരുന്നത്.









0 comments