print edition വോട്ടർമാരെ തടയാനുള്ള തൃണമൂൽ നീക്കം പാളി

image credit: ANI

സ്വന്തം ലേഖകൻ
Published on Apr 25, 2026, 12:08 AM | 1 min read
ന്യൂഡൽഹി: ഒന്നാംഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് നീങ്ങിയ പല മണ്ഡലങ്ങളിലും പ്രവർത്തകർക്ക് നിർഭയം വോട്ടുചെയ്യാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗാളിലെ സിപിഐ എം നേതൃത്വം. മൂർഷിദാബാദിലെ ഡോംകൽ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന റായ്‌പുർ ഗ്രാമത്തിലെ സിപിഐ എം അനുഭാവികൾക്ക് തൃണമൂൽ ഭീഷണി കാരണം കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇക്കുറി തൃണമൂൽ ഭീഷണി കൂസാതെ ഗ്രാമീണർ കൂട്ടമായി വോട്ടുചെയ്‌തു.
ഇത്തവണയും തടയാൻ തൃണമൂൽ അക്രമികൾ പരമാവധി ശ്രമിച്ചു. വോട്ടെടുപ്പിന് തലേദിവസം സിപിഐ എം പ്രവർത്തകനെയും മകനെയും തൃണമൂലുകാർ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച് റോഡിലുപേക്ഷിച്ചു. റായ്‌പുർ ഗ്രാമവാസികളെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ വോട്ടെടുപ്പ് ദിവസം ഗ്രാമത്തിലെ സ്‌ത്രീകൾ സംഘടിച്ചു. തുടക്കത്തിൽ സുരക്ഷയൊരുക്കാൻ പൊലീസോ കേന്ദ്രസേനയോ തയ്യാറായില്ല. സിപിഐ എം പ്രതിഷേധം വാർത്തയായതോടെ പൊലീസും കേന്ദ്രസേനയും സ്ഥലത്തെത്തി.
ഗ്രാമീണർ കൂട്ടമായി പോളിങ് ബൂത്തായ റായ്‌പുർ ഹൈസ്‌കൂളിലെത്തി വോട്ടുചെയ്‌തു. ബൂത്ത് സന്ദർശിക്കാനെത്തിയ തൃണമൂൽ സ്ഥാനാർഥി ഡോ. ഹുമയൂൺ കബീറിനെ സ്‌ത്രീകൾ പ്രതിഷേധം അറിയിച്ചു. തൃണമൂൽ ഗുണ്ടകൾ മർദ്ദിച്ചുവെന്നും ഇപ്പോഴും ചോരപ്പാടുകൾ ഉണങ്ങിയിട്ടില്ലെന്നും സ്‌ത്രീകൾ ക്ഷുഭിതരായി പറഞ്ഞതോടെ ഹുമയൂൺ കബീർ മടങ്ങി.
മൂർഷിദാബാദിലെ തന്നെ റാണിനഗർ മണ്ഡലത്തിലും ലൊച്ചൻപുർ, ഗുപ്‌സി, പഹർപുർ തുടങ്ങിയ ഗ്രാമങ്ങളിലും സിപിഐ എം പ്രവർത്തകർ തൃണമൂൽ ഭീഷണി അവഗണിച്ച് വോട്ടുചെയ്‌തു. ചില ബൂത്തുകൾ പിടിച്ചെടുക്കാൻ തൃണമൂൽ അക്രമികൾ ശ്രമിച്ചെങ്കിലും ദ്രുതകർമ സേന തടഞ്ഞു.










0 comments