print edition തൃണമൂൽ പ്രതിസന്ധി: പാർലമെന്ററി പാർടിയും പിളരുന്നു


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിലുണ്ടായ പിളർപ്പ് പാർലമെന്ററി പാർടിയിലേക്കും. തൃണമൂൽ കോൺഗ്രസിന്റെ ഇരുപത് എംപിമാർ കൂറുമാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. മുതിർന്ന നേതാവും ലോക്‌സഭാംഗവുമായ കാകോലി ഘോഷ് ദസ്‌തിദാർ അടുത്തിടെ എല്ലാ പാർടി സ്ഥാനങ്ങളും രാജിവെച്ചിരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ മമത ബാനർജി സംഘടിപ്പിച്ച പ്രതിഷേധത്തിൽ മൂന്ന് എംപിമാർ മാത്രമാണ് പങ്കെടുത്തത്.
നിലവിൽ തൃണമൂലിന് 28 ലോക്‌സഭാംഗങ്ങളും 13 രാജ്യസഭാംഗങ്ങളുമടക്കം 41 എംപിമാരുണ്ട്. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ പാർലമെന്റിൽ കൂടുതൽ അംഗബലം തൃണമൂലിനാണ്. 20 എംപിമാർ ബന്ധപ്പെട്ടെന്നാണ് ബിജെപിയുടെ അവകാശവാദം. പരമാവധി എംപിമാരെ ഒപ്പം നിർത്താൻ ബംഗാള്‍ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം നീക്കംതുടങ്ങി. തൃണമൂലിന്റെ കൊടിയും ചിഹ്നവും നിലനിർത്താൻ വിമതപക്ഷത്തിന് പാർലമെന്ററി പാർടിയിൽ കൂടി പിളർപ്പ് സൃഷ്ടിക്കേണ്ടതുണ്ട്.
തൃണമൂലിന്റെ 80 എംഎൽഎമാരിൽ 59 പേർ ഋതബ്രത ബാനർജിക്കൊപ്പം വിമത പക്ഷത്താണ്. പാർലമെന്ററി പാർടിയെ കൂടി പിളർത്തിയതിന് ശേഷം കൊടിയും ചിഹ്‌നവും അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. ബിജെപിയുടെ പരോക്ഷ പിന്തുണയുള്ളതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ വിമത പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. മഹാരാഷ്ട്രയിൽ ശിവസേനയും എൻസിപിയും പിളർന്നപ്പോൾ ഏക്‌നാഥ് ഷിൻഡെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള വിമത പക്ഷങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ കൊടിയും ചിഹ്‌നവും അനുവദിച്ചത്.










0 comments