സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ അവസാന നിമിഷം തൃണമൂൽ കോൺഗ്രസ്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിൽ, സ്പീക്കർക്കെതിരായ പ്രമേയം സഭയിൽ ചർച്ചയാകും.
ഇതുവരെ 120 പ്രതിപക്ഷ എംപിമാരാണ് സ്പീക്കറെ നീക്കം ചെയ്യണമെന്ന ആവശ്യപ്പെടുന്ന നോട്ടീസിൽ ഒപ്പുവെച്ചത്. ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് എംപിമാർ ഒപ്പുവച്ചിരുന്നില്ല. പ്രമേയത്തെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓം ബിർളയെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയം പരിഗണിക്കുന്നതിനായി ലോക്സഭ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 10ന് നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
ആദ്യം ഈ നോട്ടീസിൽ ഒപ്പുവെക്കാതിരുന്ന തൃണമൂൽ കോൺഗ്രസ്, ഇപ്പോൾ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത.
ലോക്സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നത് അപൂര്‍വമാണ്. നടപടിക്രമ നിയമങ്ങൾ പ്രകാരം സഭയില്‍ കുറഞ്ഞത് 50 അംഗങ്ങൾ നോട്ടിസിനെ പിന്തുണച്ചാൽ പ്രമേയം പരിഗണിക്കും. ശേഷം പ്രമേയം അംഗീകരിക്കുകയും തുടർന്ന് ചർച്ച ചെയ്‌ത് വോട്ടിനിടുകയും ചെയ്യും.
Related News
ലോക്‌സഭാ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിന് നോട്ടീസ് നൽകാൻ ആഗ്രഹിക്കുന്ന അംഗം, അത് രേഖാമൂലം ലോക്‌സഭാ സെക്രട്ടറി ജനറലിന് സമർപ്പിക്കേണ്ടതാണ്. രണ്ട് അല്ലെങ്കിൽ അതിലധികമോ അംഗങ്ങൾക്ക് സംയുക്തമായി ഈ നോട്ടീസ് നൽകാവുന്നതാണ്. എന്നാൽ, ഭരണഘടനയുടെ വകുപ്പ് (സി) പ്രകാരം ഇത്തരമൊരു പദവിയിലുള്ളയാളെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കണമെങ്കിൽ, പ്രമേയം അവതരിപ്പിക്കാനുള്ള ഉദ്ദേശ്യത്തെ കുറിച്ച് കുറഞ്ഞത് പതിനാല് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയിരിക്കണം.
നോട്ടീസ് ലഭിച്ചുകഴിഞ്ഞാൽ, പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം സ്പീക്കർ നിശ്ചയിക്കുന്ന ഒരു ദിവസം ബന്ധപ്പെട്ട അംഗങ്ങളുടെ പേരിൽ കാര്യപരിപാടി പട്ടികയിൽ ഉൾപ്പെടുത്തും. നോട്ടീസ് ലഭിച്ച തീയതി മുതൽ പതിനാല് ദിവസത്തിന് ശേഷമുള്ള ഏത് ദിവസവുമാകാം ഇത്.
1954 ഡിസംബറിൽ, ലോക്സഭയുടെ ആദ്യ സ്പീക്കറായ ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ ആണ് ആദ്യമായി ഇത്തരമൊരു അവിശ്വാസപ്രമേയത്തെ നേരിട്ട പ്രിസൈഡിങ് ഓഫീസർ. പിന്നീട് രണ്ട് തവണ കൂടി പ്രമേയം അവതരിപ്പിക്കപ്പെട്ടു. 1966 നവംബറിൽ ഹുക്കം സിങ്ങിനെതിരെയും, 1987 ഏപ്രിലിൽ ബൽറാം ജാക്കറിനെതിരെയും. ഇവര്‍ ആരും പ്രമേയത്തെത്തുടർന്ന് സ്ഥാനം ഒഴിയേണ്ടി വന്നിട്ടില്ല.










0 comments