ad
Deshabhimani

print edition തൃണമൂൽ പിളർന്നു

tmc

ഋതബ്രത ബാനർജിയും മറ്റ് എംഎൽഎമാരും കൊൽക്കത്തയിൽ
മാധ്യമങ്ങളെ കണ്ടപ്പോൾ

avatar
ഗോപി

Published on Jun 04, 2026, 12:15 AM | 1 min read

കൊൽക്കത്ത​ : തെരഞ്ഞടുപ്പിലെ കനത്ത തോൽവിക്കുപിന്നാലെ ഉടലെടുത്ത ചേരിപ്പോരിൽ തൃണമൂൽ കോൺഗ്രസ് പിളർന്നു. 80 തൃണമൂൽ എംഎൽഎമാരിൽ 58പേർ ചേർന്ന് നവ തൃണമൂൽ എന്ന പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. രണ്ടുനാൾ മുൻപ് മമത ബാനർജി പാർടിയിൽനിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയെ കക്ഷിനേതാവായി തെരഞ്ഞടുത്തു. 58 എംഎൽഎമാരും നിയമസഭയിൽ നേരിട്ടെത്തി ഋതബ്രത ബാനർജിയെ കക്ഷിനേതാവായി തെരഞ്ഞടുത്ത കത്ത് സ്‌പീക്കർ രതിൻ ബസുവിന് കൈമാറി. അൽപസമയത്തിനുള്ളിൽ ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതായി സ്‌പീക്കർ പ്രഖ്യാപിച്ചു.​


തൃണമൂൽ എംഎൽഎമാരിൽ ഭൂരിഭാഗവും ഋതബ്രതയ്‌ക്ക്‌ ഒപ്പമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. പുതിയ ഗ്രൂപ്പിന് തൃണമൂലിന്റെ ഔദ്യോഗിക ചിഹ്‌നം ഉപയോഗിക്കാനാകും.​ 58 എംഎൽഎമാർ ഒപ്പിട്ട കത്ത് സ്‌പീക്കർക്ക് നൽകിയെന്നും എണ്ണം ഇനിയുംകൂടാമെന്നും ഋതബ്രതയും ഒപ്പമുള്ള എംഎൽഎമാരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂൽ നിയമസഭാ പാർടിയുടെ മുഖ്യ ഉപദേശകയായി തുടരണമെന്ന് മമതാ ബാനർജിയോട് അഭ്യർഥിക്കുന്നുവെന്നും എന്നാൽ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് എംഎൽഎമാരുമായി ബന്ധമുണ്ടാവില്ലെന്നും ഋതബ്രത പറഞ്ഞു.


ആഭ്യന്തര കലാപം രൂക്ഷമായതോടെ സംഘടനാപരമായ അഴിച്ചുപണി പ്രഖ്യാപിച്ച് മമത ബാനർജി, തൃണമൂൽ കോൺഗ്രസിന്റെ ബംഗാളിലെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കൂട്ടത്തോൽവിയെ തുടർന്നാണ് തൃണമൂലിൽ ചേരിപ്പോര് ശക്തമായത്. ഒന്നിനുപുറകെ ഒന്നായി എംഎൽഎമാരും നേതാക്കളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. അഴിമതി ആരോപണത്തിൽ നിരവധി നേതാക്കളും ജനപ്രതിനിധികളും ഇതിനകം അറസ്റ്റിലായി. കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിലർമാർ കൂട്ടത്തോടെ രാജിനൽകി. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് മമതയുടെ വിശ്വസ്‌തനായ ഫിർഹാദ് ഹക്കിം ബുധനാഴ്‌ച രാജിവച്ചു.


അഭിഷേക് ബാനർജിക്ക് ഇഡി സമൻസ്

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ജൂൺ 15 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് ഇഡി സമൻസ് അയച്ചു. കാളിഘട്ടിലുള്ള വസതിയിൽ നേരിട്ടെത്തിയാണ് ഇ ഡി നോട്ടീസ് നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home