ad
Deshabhimani

print edition തൃണമൂലിലെ പിളർപ്പ്‌ പൂർണം; ഒറ്റപ്പെട്ട് മമത

Mamta Banerjee
വെബ് ഡെസ്ക്

Published on Jun 16, 2026, 12:20 AM | 2 min read

ന്യൂഡൽഹി: ആരും കേൾക്കാത്ത നാഷണലിസ്റ്റ്‌ സിറ്റിസൺസ്‌ പാർടി ഓഫ്‌ ഇന്ത്യയിലൂടെ (എൻസിപിഐ) 20 വിമത എംപിമാർ എൻഡിഎയിൽ എത്തിയതോടെ തൃണമൂൽ കോൺഗ്രസിലെ പിളർപ്പ്‌ പൂർണം. തൃണമൂൽ നിയമസഭാ കക്ഷി നേരത്തേ പിളർന്നിരുന്നു. 80 എംഎൽഎമാരിൽ 64 പേർ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ യഥാർഥ തൃണമൂൽ കോൺഗ്രസ്‌ തങ്ങളാണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.


29 ലോക്‌സഭാംഗങ്ങളുണ്ടായിരുന്ന തൃണമൂലിലെ 20 എംപിമാരാണ്‌ ഇപ്പോൾ എൻസിപിഐയിൽ ലയിച്ച്‌ എൻഡിഎയുടെ ഭാഗമായത്‌. എംഎൽഎമാരിൽ 16 പേരും ലോക്‌സഭാംഗങ്ങളിൽ എട്ട്‌ പേരും രാജ്യസഭാംഗങ്ങളിൽ 10 പേരുമാണ്‌ മമതയ്‌ക്കൊപ്പമുള്ളത്‌. ഇവരിൽ നല്ലൊരു പങ്കും വൈകാതെ കൂറുമാറും.


കാകോലി ഘോഷ്‌ ദസ്‌തിദാറിന്റെയും സുധീപ്‌ ബാനർജിയുടെയും നേതൃത്വത്തിലുള്ള 20 വിമത ലോക്‌സഭാംഗങ്ങൾ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ്‌ തുടക്കത്തിൽ താൽപ്പര്യപ്പെട്ടത്. എന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇത്‌ എളുപ്പമല്ലെന്ന്‌ ബോധ്യമായതോടെയാണ്‌ എൻസിപിഐ എന്ന പാർടിയിയിൽ ലയിച്ചത്‌. ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ്‌ വിമത എംപിമാരുടെ ലയനനീക്കത്തിന്‌ ചുക്കാൻ പിടിച്ചത്‌. ഞായർ രാത്രി വൈകി ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കണ്ട വിമത പക്ഷം ലയനതീരുമാനം അറിയിച്ചു.


അഭിഷേക്‌ ബാനർജി, കല്യാൺ ബാനർജി, മഹുവാ മൊയ്‌ത്ര, കീർത്തി ആസാദ്‌ എന്നീ ലോക്‌സഭാ എംപിമാർ മാത്രമാണ്‌ നിലവിൽ മമതയ്‌ക്കൊപ്പമുള്ളത്. സ‍ൗഗത റോയ്‌, ദീപക്ക്‌ അധികാരി‍‍, ശത്രുഘ്‌നൻ സിൻഹ‍,‍ സാജ്‌ദ അഹമദ്‌ എന്നീ എംപിമാർ നിലവിൽ വിമതപക്ഷത്ത്‌ ഇല്ലെങ്കിലും ആടിക്കളിക്കുകയാണ്.


എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായി ‘തൃണമൂൽ വിമതർ’


ന്യൂഡൽഹി: തൃണമൂലിലെ 20 എംപിമാർ കൂറുമാറി എത്തിയതോടെ 2023 ൽ മാത്രം രജിസ്‌റ്റർ ചെയ്‌ത നാഷണൽ സിറ്റിസൺസ്‌ പാർടി ഓഫ്‌ ഇന്ത്യ (എൻസിപിഐ) എൻഡിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായി. ലോക്‌സഭയിലെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാർടിയായും മാറി. 240 എംപിമാരുള്ള ബിജെപി കഴിഞ്ഞാൽ 16 എംപിമാരുള്ള ടിഡിപിയായിരുന്നു എൻഡിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷി. എന്നാൽ 20 ടിഎംസി എംപിമാർ എൻസിപിഐയിലേക്ക്‌ എത്തിയതോടെ മുന്നണിയിൽ അവർ ടിഡിപിയെ മറികടന്നു.


ബിജെപി, കോൺഗ്രസ്‌ (99 എംപിമാർ), എസ്‌പി‍ (37 എംപിമാർ)‍‍, ഡിഎംകെ (22 എംപിമാർ) പാർടികൾ കഴിഞ്ഞാൽ ലോക്‌സഭയിൽ ഏറ്റവും വലിയ പാർടിയായും എൻസിപിഐ മാറി. ഹ‍ൗറയിലെ വിലാസത്തിലാണ്‌ എൻസിപിഐ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. കഴിഞ്ഞ ത്രിപുര തെരഞ്ഞെടുപ്പിൽ രണ്ട്‌ നിയമസഭാ സീറ്റിൽ മൽസരിച്ചിരുന്നു. രണ്ടിടത്തുമായി 822 വോട്ടുകിട്ടി. 1.13 ലക്ഷം രൂപ സംഭാവനയായി പാർടിക്ക്‌ കിട്ടിയിട്ടുണ്ട്‌.


സാമൂഹിക പ്രവർത്തകൻ എന്നും മറ്റും സ്വയം അവകാശപ്പെടുന്ന ഉതിയ കുണ്ടുവാണ്‌ പ്രസിഡന്റ്‌, ഭാര്യ ഷൂലി കുണ്ടുവാണ്‌ ട്രഷറർ. ശന്തനു ദേയാണ്‌ പാർടി സ്ഥാപകനും ദേശീയ ഓർഗനൈസിങ്‌ സെക്രട്ടറിയും. ലയന വിവരം എൻസിപിഐ നേതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ്‌ പ്രതികരണങ്ങളിൽ നിന്ന്‌ മനസ്സിലാക്കാനാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home