ad
Deshabhimani

print edition തൃണമൂൽ വിമതരുടെ ഭിന്നത ബിജെപിക്ക്‌ തിരിച്ചടി

bjp.
വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

ന്യൂഡൽഹി : നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക്‌ പിന്നാലെ തൃണമൂൽ കോൺഗ്രസ്‌ വിമത പക്ഷത്തെ ഭിന്നിപ്പും ബിജെപിക്ക്‌ തലവേദന. തൃണമൂലിലെ 20 വിമത ലോക്‌സഭാ എംപിമാർ ചേക്കേറിയ എൻസിപിഐ പാർടിയിലാണ്‌ ഭിന്നത രൂക്ഷമായത്‌. മൂന്ന്‌ എൻസിപിഐ എംപിമാർ തുടർച്ചയായ രണ്ടാം വട്ടവും എൻഡിഎ എംപിമാരുടെ യോഗത്തിൽ നിന്ന്‌ വിട്ടുനിന്നു. ഭരണഘടനാ ഭേദഗതി ആവശ്യമായ മണ്ഡല പുനർനിർണയ ബിൽ പാസാക്കാനുള്ള നീക്കം സജീവമാക്കിയ ഘട്ടത്തിൽ എൻസിപിഐയിലെ ഭിന്നത ബിജെപിക്ക്‌ തിരിച്ചടിയായി.


ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള എംപിമാരായ യൂസഫ്‌ പ-ഠാൻ, അബു താഹിർ ഖാൻ, ഖലിലൂർ റഹ്‌മാൻ എന്നീ എംപിമാരാണ്‌ എൻഡിഎ യോഗം ബഹിഷ്‌ക്കരിച്ചത്‌. തങ്ങൾ ബിജെപിയുടെയോ എൻഡിഎയുടെയോ ഭാഗമല്ലെന്ന്‌ അബു താഹിർ ഖാൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കങ്ങളോട്‌ യോജിക്കാനാവില്ല. ബംഗാളിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും ഖാൻ വ്യക്തമാക്കി.


എൻഡിഎ യോഗം ബഹിഷ്‌ക്കരിച്ച്‌ മൂന്ന്‌ എംപിമാരിൽ യൂസഫ്‌ പത്താൻ ഒഴികെയുള്ളവർ ബംഗ ഭവനിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ച യോഗത്തിൽ പങ്കെടുത്തു. പാർലമെന്റിൽ ബിജെപിയോട്‌ അകലം പാലിക്കുന്ന വിമത എംപിമാർ എന്നാൽ സുവേന്ദുവുമായി സഹകരിക്കുന്നതിൽ മടി കാട്ടുന്നില്ല. അതേസമയം മൂന്ന്‌ എംപിമാരും വിമത പക്ഷം വിടുമെന്ന്‌ തൃണമൂൽ നേതാക്കൾ അവകാശപ്പെട്ടു. എൻസിപിഐയിലെ ആറ്‌ എംപിമാർ തങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന്‌ തൃണമൂൽ വക്താവ്‌ കുണാൽ ഘോഷ്‌ പറഞ്ഞു.


മൂന്ന്‌ എംപിമാർ എൻസിപിഐ വിട്ടാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുന്ന സാഹചര്യമൊരുങ്ങും. 28 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌. കൂറുമാറ്റ നിയമം ഒഴിവാക്കുന്നതിന്‌ 19 എംപിമാരുടെ പിന്തുണ ആവശ്യമാണ്‌. എന്നാൽ, മൂന്നുപേർ മാറിനിന്നാൽ എൻസിപിഐയ്‌ക്ക്‌ ഒപ്പമുള്ള എംപിമാരുടെ എണ്ണം 17 ആയി ചുരുങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home