ad
Deshabhimani

തൃണമൂൽ പിളരുന്നു; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു, നേതൃസ്ഥാനം പിടിക്കാൻ വിമത നീക്കം

mamata banarjee Ritabrata Banerjee

ഋതബ്രത ബാനർജി, മമത ബാനർജി

വെബ് ഡെസ്ക്

Published on Jun 03, 2026, 04:29 PM | 2 min read

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആഭ്യന്തര തകർച്ചയിലേക്ക്. പാർടിയിൽ ഉടലെടുത്ത ചേരിപ്പോരിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ പാർടിയുടെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും തങ്ങൾക്ക് 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കത്ത് സമർപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് ഈ നിർണ്ണായക നീക്കം. ഋതബ്രത ബാനർജിയെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിർദ്ദേശിച്ചുകൊണ്ട് 58 എംഎൽഎമാർ ഒപ്പിട്ട കത്ത് വിമതർ ബുധനാഴ്ച സ്പീക്കർക്ക് കൈമാറി.


നിയമസഭയിൽ ആകെ 80 എംഎൽഎമാരുള്ള ടിഎംസിയിൽ, പിളർപ്പ് ഔദ്യോഗികമാക്കാൻ കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്നിൽ രണ്ട് അംഗങ്ങളുടെ (53 എംഎൽഎമാർ) പിന്തുണയാണ് ആവശ്യം. നിലവിൽ 60 പേരുടെ പിന്തുണയുള്ളതിനാൽ വിമതർക്ക് ഈ കടമ്പ അനായാസം മറികടക്കാനാകും. തൃണമൂൽ കോൺഗ്രസ് എന്ന പാർടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അവകാശപ്പെടാനും സാധിക്കും. മമത ബാനർജി പാർടിയെ ഒരു കോർപ്പറേറ്റ് സ്ഥാപനം പോലെയാണ് നടത്തുന്നതെന്ന് ആരോപിച്ച ഋതബ്രത, അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക് (I-PAC) പാർടിയെ ഹൈജാക്ക് ചെയ്തതായും ഇനി ഇത് മമത ബാനർജിയുടെ പാർടി അല്ലെന്നും ഋതബ്രത തുറന്നടിച്ചു.


നേരത്തെ മെയ് 6ന് പ്രതിപക്ഷ നേതാവിനെ നാമനിർദ്ദേശം ചെയ്തുകൊണ്ട് പാർടി നൽകിയ പ്രമേയ രേഖയിൽ പല എംഎൽഎമാരുടെയും ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്ന് വിമതർ ആരോപിച്ചിരുന്നു. ശോബന്ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തു എന്ന വാദവും അവർ തള്ളി.


ഈ അപ്രതീക്ഷിത നീക്കങ്ങൾ മമത ബാനർജിയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വന്തം അനന്തരവനായ അഭിഷേക് ബാനർജിയെ പിന്തുണയ്ക്കണോ അതോ പാർടിയിലെ ഭൂരിപക്ഷം വരുന്ന എംഎൽഎമാരെ അനുനയിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് മമത.


അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം മമത ബാനർജി നടത്തിയ ആദ്യ പൊതു റാലിയിൽ 80 എംഎൽഎമാരിൽ 8 പേർ മാത്രമാണ് പങ്കെടുത്തത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ പത്രസമ്മേളനത്തിലാണ് വിമത നേതാക്കളിൽ നിന്ന് സ്പീക്കർക്ക് പരാതി ലഭിച്ച വിവരം പുറത്തുവിട്ടത്. മമത ബാനർജിയുടെ റാലിയിൽ പങ്കെടുത്ത അശോക് ദേബ്, നയന ബന്ദോപാധ്യായ, കുനാൽ ഘോഷ് എന്നീ മൂന്ന് ടിഎംസി എംഎൽഎമാരെ പിന്നീട് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലും കണ്ടിരുന്നു എന്നതും കൗതുകകരമായ മറ്റൊരു കാര്യമാണ്. നിലവിലെ സാഹചര്യത്തിൽ പാർടിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, പുതിയ പാർടി രൂപീകരിക്കാൻ വിമതർക്ക് നിലവിൽ പദ്ധതിയില്ലെന്നാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home