print edition പാർലമെന്ററി പാര്‍ടിയും പിളർന്നു: എൻഡിഎയ്ക്ക് പിന്തുണ നല്‍കി 20 തൃണമൂൽ എംപിമാര്‍

എം പ്രശാന്ത്
Published on Jun 09, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് നിയമസഭാ കക്ഷിയിലുണ്ടായ പിളർപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർടിയും പിളർന്നു. ടിഎംസിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേർ എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തുനൽകി. രാജ്യസഭാംഗമായ സുകേന്ദു ശേഖർ റോയ് എംപി സ്ഥാനവും പാർടി അംഗത്വവും രാജിവച്ചു. മറ്റൊരു രാജ്യസഭാംഗമായ കോയൽ മല്ലിക്കും രാജിക്കുള്ള ഒരുക്കത്തിലാണ്. രാജ്യസഭയിൽ ടിഎംസിക്ക് 13 എംപിമാരുണ്ട്.
20 ലോക്‌സഭാ എംപിമാർ വിമതപക്ഷത്തേക്ക് എത്തിയതോടെ കൂറുമാറ്റ നിരോധന നിയമം മറികടക്കുന്നതിനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷമായി. ടിഎംസിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവച്ച കാകോലി ഘോഷ് ദസ്‌തിദാറാണ് വിമതപക്ഷത്തെ നയിക്കുന്നത്. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ ഡൽഹി വസതിയിൽ തിങ്കളാഴ്‌ച യോഗം ചേർന്ന വിമത എംപിമാർ കാകോലിയെ ചീഫ് വിപ്പായി തെരഞ്ഞെടുത്തു. 2009 മുതൽ ബിർഭും മണ്ഡലത്തിൽനിന്ന് തുടർച്ചയായി ജയിക്കുന്ന ചലച്ചിത്ര താരം ശതാബ്‌ദി റോയി ആണ് വിമതപക്ഷത്തിന്റെ ഉപനേതാവ്.
പ്രസൂൺ ബാനർജി, ജഗദീഷ് ചന്ദ്ര ബാസുനിയ, കാളിപദ സൊറൻ, അരൂപ് ചക്രവർത്തി, അസിത് കുമാർ, ജൂൻ മാലിയ, അബുതാഹിർ ഖാൻ, ഖലീലുർ റഹ്‌മാൻ, ബപ്പി ഹൽദാർ, പാർത്ഥ ഭൗമിക്ക് തുടങ്ങിയ എംപിമാർ വിമതപക്ഷത്തുണ്ട്. മമത ബാനർജിയുടെ സാന്നിധ്യത്തിൽ ഇന്ത്യാ കൂട്ടായ്‌മയുടെ യോഗം ചേരുമ്പോൾതന്നെയാണ് വിമത എംപിമാർ ഒത്തുകൂടിയത്. രാജിക്കാര്യം വാട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും മമതയെ അറിയിച്ചെന്നും ടിഎംസി ഭരണത്തിൽ വലിയ അഴിമതി നടന്നുവെന്നും പാർടിയ്‌ക്കെതിരായ ജനരോഷം ഭീതിദമായ തലത്തിലേക്ക് എത്തിയെന്നും സുകേന്ദു മാധ്യമങ്ങളോട് പറഞ്ഞു. 20 പിമാരുടെ പിന്തുണ കൂടി കിട്ടുന്നതോടെ ലോക്‌സഭയിൽ എൻഡിഎയുടെ അംഗബലം 314 ലാകും. നിലവിൽ 294 എംപിമാരുണ്ട്.











0 comments