'സ്ഥാനാർഥിത്വത്തിന് ചോദിച്ചത് അഞ്ച് കോടി രൂപ, ടിഎംസി അധ്യായം അവസാനിച്ചു' : മനോജ് തിവാരി

മമത ബാനർജി (ഇടത്) മനോജ് തിവാരി (വലത്)
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യായം അവസാനിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ മനോജ് തിവാരി. ഇത്തവണ സ്ഥാനാർഥിത്വത്തിന് അഞ്ച് കോടി രൂപ തന്നോട് ആവശ്യപ്പെട്ടുവെന്നും ഇത് വിസമ്മതിച്ചതിന്റെ പേരിൽ തനിക്ക് ഹൗറയിലെ ഷിബ്പൂർ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചുവെന്നും തിവാരി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതോടെ മമതയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജി സർക്കാരിൽ കായിക സഹമന്ത്രിയായിരുന്നു മനോജ് തിവാരി.
ഈ പരാജയത്തിൽ ഒട്ടും അത്ഭുതമില്ല, ഒരു പാർട്ടി മുഴുവൻ അഴിമതിയിൽ മുങ്ങുകയും ഒരു മേഖലയിലും വികസനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. ഭീമമായ തുക നൽകാൻ കഴിയുന്നവർക്ക് മാത്രമേ സീറ്റുകൾ വാങ്ങാൻ കഴിയുകയൊള്ളൂ. ഇത്തവണ കുറഞ്ഞത് 70-72 സ്ഥാനാർത്ഥികളെങ്കിലും സീറ്റ് ലഭിക്കാൻ ഏകദേശം അഞ്ച് കോടി രൂപ വീതം നൽകിയിട്ടുണ്ട്. എന്നോടും പണം ആവശ്യപ്പെട്ടു, പക്ഷേ വിസമ്മതിച്ചു. പണം നൽകിയവരിൽ എത്രപേർക്ക് വിജയിക്കാൻ കഴിഞ്ഞു എന്ന് പരിശോധിച്ചു നോക്കൂ. ഇതോടെ ടിഎംസി എന്ന അധ്യായം അവസാനിച്ചുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
2019 ൽ ടിഎംസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രാഷ്ട്രീയത്തിലേയ്ക്ക് വരാൻ താൽപര്യമുണ്ടായിരുന്നില്ല. ആ സമയങ്ങളിൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിക്കുകയായിരുന്നു, ഒപ്പം രഞ്ജി ട്രോഫിയെയും ഗൗരമായി കണ്ടിരുന്നതിനാൽ അന്നത്തെ വാഗ്ദാനം വിനീതമായി നിരസിക്കുകയായിരുന്നു. പിന്നീട് 2021 ൽ തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും മമത വിളിച്ച് തനിക്ക് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും അത് സ്വീകരിക്കുകയായിരുന്നുവെന്നും മനോജ് തിവാരി പറഞ്ഞു.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ പണം നൽകേണ്ടി വന്നിട്ടുണ്ടെന്നും മനോജ് തിവാരി വെളിപ്പെടുത്തി. ടിഎംസിയിലെ മന്ത്രിമാരെ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെടുക്കുമ്പോൾ സഹമന്ത്രി എന്ന പേര് മാത്രം നൽകി കൊണ്ട് അധികാരമില്ലാതെ ഇരുത്തി. എന്തെങ്കിലും പ്രശ്നത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനുണ്ടെന്ന് പറഞ്ഞാൽ, പകുതിക്ക് വെച്ച് തന്നെ തടയുകയും, നിങ്ങൾക്ക് വേണ്ടി കളയാൻ സമയമില്ലെന്ന് പറയുകയും ചെയ്തിരുന്നതായി തിവാരി ആരോപിച്ചു.
ഹൗറ ജില്ലയിലെ അഴുക്കുചാൽ സംവിധാനങ്ങളുടെ തകരാർ പരിഹരിക്കാൻ തന്റെ ഭാഗത്തുനിന്ന് നിരന്തര പരിശ്രമങ്ങൾ ഉണ്ടായിട്ടും അതിൽ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള എംഎൽഎ ആയിരുന്നിട്ടും, മണ്ഡലത്തിലെ ഡ്രെയിനേജ് ജോലികൾക്കായി ഓഫീസുകൾ തോറും കയറിയിറങ്ങി. വളരെ അടിസ്ഥാനപരമായ വികസന പ്രവർത്തനങ്ങൾ പോലും അവർ തടസ്സപ്പെടുത്തി. ഒടുവിൽ പൂർത്തിയാക്കിയ ചില ജോലികൾ എംഎൽഎ ഫണ്ടിനൊപ്പം സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കായിക മന്ത്രിയായിരുന്ന അരൂപ് ബിശ്വാസിനെതിരെയും തിവാരി ആരോപണം ഉന്നയിച്ചു. അരൂപിൽ നിന്നും ഒരുപാട് അവഗണനകൾ നേരിട്ടതായും മന്ത്രിതല ചുമതലകൾ നിർവഹിക്കാൻ അനുവദിച്ചില്ലെന്നും തിവാരി കൂട്ടിച്ചേർത്തു. കായിക രംഗത്തെകുറിച്ച് യാതൊരു അറിവും ഇല്ലാത്ത ആളാണ് അരൂപ് ബിശ്വാസ് എന്നും തിവാരി പറഞ്ഞു.











0 comments