റേഷൻ കടകൾ വഴി സൗജന്യ സാനിറ്ററി പാഡുകൾ വേണം; മഹാരാഷ്ട്രയിൽ ആദിവാസി സ്ത്രീകളുടെ പ്രതിഷേധം

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിൽ റേഷൻ കടകൾ, അങ്കണവാടികൾ എന്നിവ വഴി സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധം. നൂറ് കണക്കിന് സ്ത്രീകളാണ് തെരുവിലിറങ്ങിയത്. താനെ, പാൽഘർ ജില്ലകളിലെ തഹസിൽ ഓഫീസുകളിലേക്കാണ് സ്ത്രീകൾ മാർച്ച് നടത്തിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വിഷയം സംബന്ധിച്ച് ഔദ്യോഗിക മെമ്മോറാണ്ടം സമർപ്പിച്ചു.
ദരിദ്ര, ആദിവാസി, കട്കാരി സമുദായങ്ങളിലെ സ്ത്രീകൾക്ക് ഓരോ മാസവും ചുരുങ്ങിയത് 12 സാനിറ്ററി നാപ്കിനുകൾ വീതം ലഭ്യമാക്കണം, അന്ത്യോദയ, മുൻഗണനാ റേഷൻ കാർഡുകൾ ഉള്ളവർക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കണം എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. താനെ, പാൽഘർ ജില്ലകളിലെ ഭൂരിഭാഗം സ്ത്രീകളും കൂലിപ്പണിക്കാരാണ്. കടുത്ത ദാരിദ്ര്യം കാരണം പാഡുകൾ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് സ്ത്രീകളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്.
പാഡുകൾക്ക് പകരം വൃത്തിഹീനമായ തുണികൾ ഉപയോഗിക്കുന്നത് മൂലം പകർച്ചവ്യാധികളും ഗർഭാശയ സംബന്ധമായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയേറയാണ്. സ്ത്രീകളുടെ അടിസ്ഥാനപരമായ ആരോഗ്യ ആവശ്യങ്ങൾ റേഷൻ സംവിധാനത്തിലൂടെ നിറവേറ്റണമെന്നും പിന്നോക്ക വിഭാഗക്കാരടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.










0 comments