ഐഒസിഎല്ലിൽ അവസരം: 470 എക്സിക്യൂട്ടീവ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) എൻജിനിയറിങ്, മാനേജ്‌മെന്റ്, ലോ, കെമിസ്ട്രി വിഭാഗങ്ങളിലെ വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് എൻജിനിയർ, ഓഫീസർ, ഡിപ്ലോമ എൻജിനിയർ തസ്തികകളിലായി ആകെ 470 ഒഴിവുണ്ട്. ഇന്ത്യയിലുടനീളമുള്ള ഐഒസിയുടെ വിവിധ സെക്ഷനുകൾ, പ്ലാന്റുകൾ, യൂണിറ്റുകൾ അല്ലെങ്കിൽ ഓഫീസുകൾ എന്നിവടങ്ങളിലായിരിക്കും നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.
തസ്തികയ്ക്ക് അനുസരിച്ച് നിശ്ചിത മാർക്കോടെയുള്ള ബിഇ/ബിടെക്, മൂന്ന് വർഷത്തെ എൻജിനിയറിങ് ഡിപ്ലോമ, എംബിഎ (മാർക്കറ്റിങ്), എൽഎൽബി (നിയമ ബിരുദം), അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രി എന്നിവയാണ് യോഗ്യത. ചില തസ്തികകൾക്ക് പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 26–30. നിയമാനുസൃത ഇളവ് ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഗ്രൂപ്പ് ടാസ്ക്, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലും ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും.
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷാ പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്‌തംബർ മൂന്ന്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്‌തംബർ 24ന്.
433 അപ്രന്റീസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) വടക്കൻ മേഖലയിലെ (Northern Region) വിവിധ ഓഫീസുകളിലായി 433 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, ഗ്രാജുവേറ്റ്, ട്രേഡ് അപ്രന്റീസ് വിഭാഗങ്ങളിലാണ് അവസരം. രേഖാമൂലമുള്ള പരീക്ഷയോ അഭിമുഖമോ ഇല്ല. യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ആകെ 433 ഒഴിവാണുള്ളത്. ഡൽഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഐഒസിഎൽ മാർക്കറ്റിങ് ഡിവിഷൻ ഓഫീസുകളിലാണ് നിയമനം നടക്കുക. ഇന്ത്യയിലെവിടെയുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അറിയാൻ വിജ്ഞാപനം കാണുക. പ്രായപരിധി: 18–24. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാർഥികൾ തസ്തികയ്ക്ക് അനുയോജ്യമായ NATS അല്ലെങ്കിൽ NAPS പോർട്ടലുകൾ വഴി ആദ്യം രജിസ്റ്റർ ചെയ്യണം. അതിനുശേഷം iocl.com സന്ദർശിച്ച് മൈക്രോസോഫ്റ്റ് ഫോമും പൂരിപ്പിച്ച് നൽകണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ ആറ്.










0 comments