ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഭൂചലനം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ചൊവ്വാഴ്ച രാത്രി 10:23-ഓടെയാണ് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ വിവരമനുസരിച്ച് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഡൽഹി-എൻസിആർ (നോയിഡ, ഗുരുഗ്രാം ഉൾപ്പെടെ), ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ വലിയ തോതിലുള്ള വസ്തുവകകളുടെ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രകമ്പനത്തെത്തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ബഹുനില കെട്ടിടങ്ങളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിയിറങ്ങി. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവെച്ചു.
അതേസമയം ഇതേദിവസം പുലർച്ചെ 4:23-ന് അസമിലെ നാഗാവ് ജില്ലയിലും 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ഭൂമിക്കടിയിൽ 33 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.








0 comments