തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ മരംമുറി: കോടതി ഇടപെടലിന് വഴിയൊരുക്കിയത് എസ്എഫ്‌ഐ നടത്തിയ പോരാട്ടം

hcu
avatar
അഖില ബാലകൃഷ്ണൻ

Published on Apr 18, 2025, 08:36 AM | 2 min read

ന്യൂഡൽഹി: ‘ഒന്നുകിൽ നിങ്ങൾ നശിപ്പിച്ച 100 ഏക്കർ വനഭൂമി എങ്ങനെ പഴയപടിയാക്കുമെന്ന്‌ പറയുക. അല്ലെങ്കിൽ നിങ്ങളുടെ ഉദ്യോഗസ്ഥർക്കായി ജയിലൊരുക്കുക.’ –- ഒരു മാസത്തോളം എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥി സമരത്തിന്റെ ഫലമായി തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാരിനോട്‌ ബുധനാഴ്‌ച സുപ്രീംകോടതി നിർദേശം നൽകി. ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാല ക്യാമ്പസിനുള്ളിലെ കഞ്ച ഗച്ചിബൗളിയിലെ 400 ഏക്കർ വരുന്ന വനപ്രദേശത്താണ്‌ രേവന്ത്‌ റെഡ്ഡിയുടെ സർക്കാർ നിർമാണ പ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ മരങ്ങൾ വെട്ടിവീഴ്‌ത്തിയത്‌.


100 ഏക്കറോളം ഇത്തരത്തിൽ വനനശീകരണം നടത്തി. ജൈവ വൈവിധ്യങ്ങളുടെ പേരിൽ പഠനങ്ങൾ നടക്കുന്ന വനഭൂമി വിൽക്കാനും നിർമാണങ്ങൾ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ മാർച്ച്‌ 13നാണ്‌ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്‌. 600ലധികം വിദ്യാർഥികൾ മരങ്ങൾ വച്ച്‌ പിടിപ്പിച്ച്‌ സമരം നടത്തി. വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താനാണ്‌ സർവകലാശാല അധികൃതർ ശ്രമിച്ചത്‌. എന്നാൽ, മറ്റ്‌ വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും അനധ്യാപക സ്റ്റാഫുകളുടെ സംഘടനകളും ചേർന്ന്‌ ഒരു ജോയിന്റ്‌ ആക്ഷൻ കൗൺസിൽ രൂപീകരിച്ച്‌ സർക്കാരിനെതിരെ നിയമപരമായി നീങ്ങി. വനനശീകരണത്തെ അനുകൂലിച്ചുള്ള സർക്കാരിന്റെ പത്രക്കുറിപ്പ്‌ വിദ്യാർഥികൾ കത്തിച്ചു. വികസനത്തെ എതിർക്കുന്ന സൂത്രശാലികളായ കുറുക്കൻമാത്രമാണ്‌ കഞ്ച ഗച്ചിബൗളിയിലുള്ളതെന്ന്‌ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ചു. ഇതിനെതിരെ ക്യമ്പസിൽ രേവന്ത്‌ റെഡ്ഡിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധത്തിനിടയിൽ മഫ്‌തി പൊലീസ്‌ നുഴഞ്ഞുകയറി വിദ്യാർഥികളെ മർദിച്ചു.


മാർച്ച്‌ 30ന്‌ ക്യാമ്പസിനകത്തേക്ക്‌ സർക്കാർ ബുൾഡോസറുകളെത്തിച്ച്‌ മരങ്ങൾ വെട്ടിനിരത്താൻ തുടങ്ങി. തടയാനെത്തിയ മലയാളി വിദ്യാർഥികളും എസ്‌എഫ്‌ഐ യൂണിറ്റ്‌ ഭാരവാഹികളുമായ നിഹാദ്‌, ലെനിൻ എന്നിവരെയും അനന്യ എന്ന പ്രവർത്തകയെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ബുൾഡോസറുകൾക്ക്‌ മുന്നിൽ നിലയുറപ്പിച്ച 50ഓളം വരുന്ന വിദ്യാർഥികളെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ ലോറിയിൽ കയറ്റി അറസ്റ്റ്‌ ചെയ്ത്‌ നീക്കി. രാത്രി വരെ തുടർന്ന പ്രതിഷേധത്തിന്‌ ഒടുവിലാണ്‌ അറസ്റ്റ്‌ചെയ്ത വിദ്യാർഥികളെ വിട്ടയച്ചത്‌. ഏപ്രിൽ ഒന്നിന്‌ 700ലധികം വരുന്ന വിദ്യാർഥികളും അധ്യപകരും മറ്റ്‌ സ്റ്റാഫുകളും ചേർന്ന്‌ ക്യാമ്പസിന്‌ മുന്നിൽ നിരാഹാരമുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തി. ഏപ്രിൽ മൂന്നിന്‌ ക്യാമ്പസിൽ ഇനി മരങ്ങൾ മുറിക്കാൻ പാടില്ലെന്ന ആദ്യ ഉത്തരവ്‌ കോടതി പുറപ്പെടുവിച്ചു. വേണ്ട അനുമതിയില്ലാതെയാണ്‌ സർക്കാർ മരങ്ങൾ മുറിച്ചെതെന്നും 1996-ലെ സുപ്രീംകോടതിയുടെ വന ഉത്തരവ്‌ മറികടക്കാൻ തെലങ്കാന സർക്കാരിന്‌ കഴിയുമെങ്കിൽ അതവർ വിശദീകരിക്കട്ടേയെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home