കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി നൽകണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

john britas
വെബ് ഡെസ്ക്

Published on May 14, 2025, 02:30 PM | 2 min read

ന്യൂഡൽഹി : കോവിഡ് 19 മഹാമാരിയിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള എക്സ് - ഗ്രേഷ്യ നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. പുറത്തുവന്ന കണക്കുകൾ പ്രകാരം മുൻലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട 20 ലക്ഷത്തോളം പേരുടെ കുടുംബാം​ഗങ്ങൾക്ക് സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു.


കോവിഡിൽ മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം എക്സ് - ഗ്രേഷ്യ നഷ്ടപരിഹാരം നല്കണമെന്ന് 2021 ഒക്ടോബർ നാലിനാണ് സുപ്രിം കോടതി നിർദ്ദേശിച്ചത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നൽകുന്ന മറ്റ് സഹായങ്ങൾക്കു പുറമേ ഇതു നല്കണമെന്നായിരുന്നു വിധി. സർക്കാർ കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 3,30,000 ആണ്. എന്നാൽ ഇപ്പോൾ പുറത്തുവന്ന 2021ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) കണക്കുകൾ നല്കുന്ന ചിത്രം മറ്റൊന്നാണ്. ഈ കണക്കുകൾ വിശകലനം നടത്തിയാൽ കോവിഡ് കാലത്ത് 2021ൽ മാത്രം രാജ്യത്ത് 20 ലക്ഷത്തോളം അധിക മരണങ്ങളുണ്ടായി എന്ന് കാണാൻ കഴിയും.


എന്നാൽ കോവിഡ് കാലയളവിൽ ഇപ്രകാരമുണ്ടായ മരണങ്ങൾ വിവിധ സംസ്ഥാന സർക്കാരുകൾ മറച്ചുവെച്ചതിനാൽ ഇവരുടെ ആശ്രിതർക്ക് എക്സ് - ഗ്രേഷ്യ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ ലഭിച്ചിട്ടില്ല. ഗുജറാത്തുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളാണ് ഇപ്രകാരം കോവിഡ് മരണങ്ങൾ കുറവായി റിപ്പോർട്ട് ചെയ്തതെന്നാണ് സിആർഎസ് കണക്കുകളുടെ വിശകലനത്തിൽ നിന്നും മനസിലാക്കുവാൻ കഴിയുന്നത്. ആതിനാൽ എത്രയും വേഗം ഇപ്പോൾ പുറത്തുവന്ന കണക്കുകളനുസരിച്ച്, കോവിഡ് മരണങ്ങളായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ സംഭവങ്ങളിലെ കുടുംബാംഗങ്ങൾക്കും എക്സ് - ഗ്രേഷ്യയുൾപ്പെടെയുള്ള നഷ്ടപരിഹാരം നൽകുവാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു. ഇത് നല്കാൻ സുതാര്യവും സുഗമവും ആയ രീതി ഉണ്ടാക്കേണ്ടതുണ്ട്. കോവിഡ് ഇരകളുടെ ആശ്രിതർ നഷ്ടപരിഹാരം തേടി അലയുന്ന നില ഉണ്ടാകരുത്. അവരുടെ അവകാശം ഉദ്യോഗസ്ഥ നടപടികൾക്കിടയിൽപ്പെട്ട് നിഷേധിക്കുന്ന നിലയും വരരുത് – ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.


പ്രശ്നത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയണം. ഇപ്പോൾ പുറത്തു വന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ കോവിഡ് ഇരകളുടെ ആശ്രിതർക്ക് പണം ലഭ്യമാക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നും കത്തിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home