Deshabhimani

print edition ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി നിയമം: പ്രത്യാഘാതം പരിശോധിക്കണമെന്ന്‌ സുപ്രീംകോടതി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Aug 04, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡറുകളുടെ ലിംഗനിർണയാധികാരം റദ്ദാക്കുന്ന ട്രാൻസ്‌ജൻഡർ അവകാശസംരക്ഷണ ഭേദഗതി നിയമം അവരുടെ അവകാശങ്ങളെ ബാധിക്കരുതെന്ന്‌ സുപ്രീംകോടതി. നിയമത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാമ്‌ചി, വി മോഹന എന്നിവരുടേതാണ്‌ നിരീക്ഷണം. ലിംഗമാറ്റ ചികിത്സ ചെയ്യുന്നവർക്കോ നിലവിൽ ഐഡി കാർഡ്‌ ഉള്ളവരുടെയോ അവകാശങ്ങളെ നിയമം ബാധിക്കരുത്‌. നിയമം സൃഷ്‌ടിക്കുന്ന പ്രത്യാഘാതം പരിശോധിക്കണമെന്നും കേന്ദ്രസർക്കാരിന്‌ നിർദേശം നൽകി.


ചികിത്സ, ഭവന പദ്ധതി, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളെ ബാധിച്ചെന്നും ഇടക്കാല ഉത്തരവ്‌ വേണമെന്നും ട്രാൻസ്‌ജെൻഡർ കൂടിയായ അഭിഭാഷക ആർ കൺമണിയുടെ വാദം പരിഗണിച്ചാണ്‌ നടപടി. വിഷയം പരിശോധിക്കാമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ഉറപ്പിൽ ഇടക്കാല ഉത്തരവ്‌ കോടതി ഒഴിവാക്കി. കേന്ദ്രസർക്കാർ മറുപടി സത്യവാങ്‌മൂലവും നൽകണം.


​ഐഡി കാർഡ്‌ ട്രാൻസ്‌ജെൻഡറുകളുടെ റേഷൻ കാർഡാണെന്ന്‌ കൺമണി പറഞ്ഞു. പുതിയ നിയമത്തിലൂടെ പലർക്കും ചികിത്സ മുടങ്ങുകയാണെന്നും അവർ പറഞ്ഞു. അത്തരം ബുദ്ധിമുട്ട്‌ നേരിടുന്നവർക്ക്‌ കോടതിയെ സമീപിക്കാമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി. ഐഡി കാർഡുകൾക്കുള്ള പോർട്ടൽ പ്രവർത്തിക്കുന്നില്ലെന്ന്‌ മുതിർന്ന അഭിഭാഷക ജയന കോത്താരിയും അനിശ്‌ചിതത്വം സൃഷ്ടിക്കുന്ന നിയമത്തിൽ ഇടക്കാല ഉത്തരവ്‌ വേണമെന്ന്‌ മറ്റൊരു മുതിർന്ന അഭിഭാഷകയായ അരുന്ധതി കട്ജുവും വാദിച്ചു. കേസ്‌ 17ലേക്ക്‌ മാറ്റി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home