600 കോടിയുടെ അധിക വരുമാനം
print edition നിരക്കുകൊള്ളയുമായി റെയിൽവേ ; ആറുമാസത്തിനിടെ രണ്ടാം വർധന

ന്യൂഡൽഹി
യാത്രക്കാർക്ക് ആഘാതമേൽപ്പിച്ച് റെയിൽവേ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു. എല്ലാ ട്രെയിനിലെയും എസി കോച്ചുകളിലും മെയിൽ എക്‌സ്‌പ്രസ് എന്നിവയിലെ നോൺ എസി കോച്ചുകളിലും കിലോമീറ്ററിന് രണ്ട് പൈസ വർധിപ്പിച്ചു. ഇതോടെ, 500 കിലോമീറ്റർ നോൺ എസി യാത്രയ്‌ക്ക് 10 രൂപ കൂടും. ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരുപൈസ അധികം നൽകണം. വെള്ളിയാഴ്‌ച നിരക്ക് വർധന പ്രാബല്യത്തിലാകും. 600 കോടി രൂപയുടെ അധികവരുമാനമാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ നിരക്ക് വർധനയിലൂടെ 700 കോടി രൂപയുടെ അധിക വരുമാനം നേടി. നോൺ എസിക്ക് മൂന്നു യാത്രാ സ്ലാബുകളിലായി പരമാവധി 15 രൂപയാണ് അന്ന് വർധിപ്പിച്ചിരുന്നത്. നോൺ എസിയിൽ ഫസ്‌റ്റിസ് ക്ലാസ്, സെക്കന്റ് ക്ലാസ്, സ്ലീപ്പർ കിലോമീറ്ററിന് അരപൈസയായിരുന്നു വർധന. എല്ലാ നോൺ എസി മെയിൽ –എക്‌സ്‌പ്രസ് ട്രെയിനുകൾക്കും കിലോമീറ്ററിന് ഒരു പൈസവീതവും എസിക്ക് രണ്ടുപൈസവീതവും വർധിപ്പിച്ചിരുന്നു.
കാർഗോ നിരക്കും വൈകാതെ വർധിപ്പിച്ചേക്കും. 2024–25 സാന്പത്തിക വർഷം 2,63,000 കോടി രൂപയാണ് ചെലവെന്നും നിരക്ക് വർധിപ്പിച്ച് ഇതിൽ ആശ്വാസം കണ്ടെത്താമെന്നുമാണ് റെയിൽവേയുടെ ന്യായം. കോവിഡ് കാലത്ത് മുതിർന്ന പൗരർക്കുള്ള യാത്ര ഇളവ് നിർത്തലാക്കി 9,000 കോടി രൂപ കൈക്കലാക്കിയിരുന്നു. മഹാമാരി ഒഴിഞ്ഞിട്ടും ഇത് പുനഃസ്ഥാപിച്ചിട്ടില്ല.










0 comments