ad
Deshabhimani

ഡാറ്റ വേണ്ടവർക്ക് മാത്രം പണം; കോളിംഗിനും എസ്എംഎസിനും പ്രത്യേക പ്ലാനുകൾ , നിർദ്ദേശവുമായി ട്രായ്

Mobile Phone

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 08, 2026, 05:48 PM | 1 min read

മുംബൈ: ഇന്റർനെറ്റ് ഉപയോഗിക്കാത്ത സാധാരണക്കാരായ മൊബൈൽ വരിക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഡാറ്റ ആവശ്യമില്ലാത്തവർക്കായി കോളിംഗും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന പ്രത്യേക പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായ് നിർദ്ദേശം നൽകി.


നിലവിൽ ടെലികോം കമ്പനികൾ നൽകുന്ന ഭൂരിഭാഗം പ്ലാനുകളിലും ഡാറ്റ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ പോലും ഇതിനായി ഉയർന്ന തുക നൽകേണ്ടി വരുന്നു എന്ന പരാതി പരിഹരിക്കാനാണ് ട്രായ്‌യുടെ ഇടപെടൽ.


ഓരോ കമ്പനിയും വോയ്‌സ് കോളിംഗിനും എസ്.എം.എസിനും മാത്രമായി ചുരുങ്ങിയത് ഒരു പ്ലാനെങ്കിലും ലഭ്യമാക്കണം. ഡാറ്റ ഒഴിവാക്കുമ്പോൾ പ്ലാനിന്റെ നിരക്കിൽ ആനുപാതികമായ കുറവ് വരുത്തണമെന്ന് ട്രായ് കർശനമായി നിർദ്ദേശിക്കുന്നു. 2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ഭേദഗതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം.


ഇന്ത്യയിൽ ഇന്നും ഏകദേശം 15 കോടിയോളം ആളുകൾ 2G കണക്ഷനുകളാണ് ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവർക്ക് അനാവശ്യമായ ഡാറ്റാ നിരക്കുകൾ കൂടി നൽകേണ്ടി വരുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഫോൺ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും സാധിക്കും.


പുതിയ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ട്. ഏപ്രിൽ 28-നകം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികോം വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും, സാധാരണക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക ലാഭം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ട്രായ്‌യുടെ ഈ സുപ്രധാന നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home