ട്രെയിൻ തട്ടി മരിച്ചയാളെ കാണാൻ ട്രാക്കിൽ ഇറങ്ങി; നാലുപേർ മറ്റൊരു ട്രെയിനിടിച്ച് മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ രണ്ട് ട്രെയിൻ അപകടങ്ങളിലായി അഞ്ചു പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു. മരണവിവരം അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ നാല് യാത്രക്കാരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു.
കൽക്ക എക്സ്പ്രസ് തട്ടിയാണ് ആദ്യ മരണം ഉണ്ടായത്. തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിട്ടതോടെ പാളത്തിലേക്ക് ഇറങ്ങിയ യാത്രക്കാരെ എതിർ ദിശയിൽ വന്ന പുരുഷോത്തം എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ശശികാന്ത് ത്രിപാഠി പറഞ്ഞു.
ബിഹാറിലെ സിവാൻ സ്വദേശി ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശി സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഡ് സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെത്തുടർന്ന് ഹൗറ- ഡൽഹി റൂട്ടിലെ ട്രെയിൻ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.










0 comments