print edition ലേബർ കോഡ് ; പ്രക്ഷോഭ പരമ്പരയ്‌ക്ക് ആഹ്വാനം

ഡൽഹി സുർജിത് ഭവനിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ കൺവൻഷനിൽ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം സംസാരിക്കുന്നു ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
ലേബർ കോഡുകളുമായി മുന്നോട്ടുപോകാനാണ് മോദി സർക്കാരിന്റെ തീരുമാനമെങ്കിൽ മഹാപ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ താക്കീത്. ഫെബ്രുവരി 12ലെ അഖിലേന്ത്യ പണിമുടക്ക് ശക്തമായ മുന്നറിയിപ്പാകും. അതവഗണിച്ചാൽ പ്രതിഷേധ പരന്പരകൾ നേരിടേണ്ടി വരുമെന്ന് ഡൽഹി സുർജിത് ഭവനിൽ ചേർന്ന തൊഴിലാളികളുടെ ദേശീയ കൺവൻഷൻ ആഹ്വാനംചെയ്‌തു. 10 കേന്ദ്ര ട്രേഡ്‌യൂണിയനുകൾ, സ്വതന്ത്ര മേഖലാ ഫെഡറേഷനുകൾ, അസോസിയേഷനുകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടത്തിയ കൺവൻഷനിൽ വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
പൊതുപണിമുടക്കിന് പൂർണപിന്തുണ പ്രഖ്യാപിച്ച സംയുക്ത കിസാൻ മോർച്ചയെ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ അഭിവാദ്യംചെയ്‌തു. തൊഴിലാളികളും മറ്റ് മേഖലകളിലുള്ളവരും പണിമുടക്ക് ചരിത്രവിജയമാക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം. വിദ്യാർഥികളും യുവജനങ്ങളും അണിനിരക്കണം. തൊഴിലെടുക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങൾ ഹനിക്കുന്ന മോദിസർക്കാരിന് എതിരായ ഏറ്റവും വലിയ പ്രക്ഷോഭങ്ങളാണ് സമീപഭാവിയിൽ നടക്കാൻ പോകുന്നതെന്നും കൺവൻഷൻ പ്രമേയത്തിൽ പറഞ്ഞു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി ട്രേഡ്‌യൂണിയനുകൾ, ഫെഡറേഷനുകൾ, അസോസിയേഷനുകൾ തുടങ്ങിയവയുടെ നേതാക്കൾ കൺവൻഷനെ അഭിസംബോധന ചെയ്‌തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം മാത്രമാണ് മുന്നിലുള്ള വഴിയെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങൾ മുഴുവൻ കവരാനുള്ള നീക്കം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്. കേരളം മാത്രമാണ് ലേബർകോഡുകൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴിലാളികൾ ദീർഘകാലപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഹനിക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കേരള മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.
സിഐടിയു പ്രസിഡന്റ് സുദീപ് ദത്ത, അമിത് യാദവ്, അശോക് സിങ് (ഐഎൻടിയുസി), അമർജീത്‌കൗർ, ഹരിദ്വാർസിങ് (എഐടിയുസി), ചംപാവർമ, ഹർഭജൻസിങ് സിദ്ധു (എച്ച്‌എംഎസ്), വിജയ്‌പാൽ സിങ്, ആർ കെ ശർമ (എഐയുടിയുസി), അഡ്വ. രാകേഷ്‌മിശ്ര (ടിയുസിസി), ആശാബെൻ, ലതാബെൻ (സേവാ), സുചേതാ ഡേ, രാജീവ് ദിമ്രി (എഐസിസിടിയു), ആർ കെ മൗര്യ, ജവഹർസിങ് (എൽപിഎഫ്), ആർ എസ് ദാഗർ, ശത്രുജിത് സിങ് (യുടിയുസി) തുടങ്ങിയവർ സംസാരിച്ചു.










0 comments