തുര്‍ക്കിയക്ക് സമ്പൂർണ ബഹിഷ്കരണം

ന്യൂഡൽഹി
ഇന്ത്യ–പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിയയിൽനിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും രാജ്യത്ത് ബഹിഷ്കരണം. കാൺപുർ സർവകലാശാല ഇസ്താംബുൾ സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി. ഇന്ത്യയുമായി ശത്രുത പുലർത്തുന്ന രാജ്യങ്ങളുമായി സഖ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ദേശീയസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടർക്കിഷ് എയർലൈൻസുമായുള്ള ഇൻഡിഗോയുടെ വിമാന ലീസിങ് പങ്കാളിത്തം റദ്ദാക്കാൻ ഇടപെടണമെന്ന് എയർ ഇന്ത്യ വ്യോമമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തുർക്കിയയും അസർബൈജാനുമായുള്ള രത്നവ്യാപാരം പൂർണമായും ബഹിഷ്കരിക്കണമെന്ന് ആൾ ഇന്ത്യാ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ആഹ്വാനം ചെയ്തു. ടർക്കിഷ് ഡിസൈൻ ആഭരണങ്ങളുടെ വാങ്ങൽ, വിൽപ്പന, പ്രദർശനം എന്നിവ പൂർണമായും ഉപേക്ഷിക്കാൻ ലഖ്‌നൗവിലെ ജ്വല്ലറി ഉടമകൾ തീരുമാനിച്ചു. രാജസ്ഥാനിലെ അൽവാറിൽ തുർക്കി ആപ്പിൾ ബഹിഷ്കരിക്കാൻ വ്യാപാരികൾ ആഹ്വാനം ചെയ്തു.
നേരത്തെ, അജ്മീറിലെ മാർബിൾ വ്യാപാരികൾ തുർക്കിയിൽനിന്ന് കല്ലുകൾ ഇറക്കുമതി ചെയ്യാൻ വിസമ്മതിച്ചിരുന്നു. ജവഹർലാൽ നെഹ്‌റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, മൗലാന ആസാദ് നാഷണൽ ഉറുദു സർവകലാശാല എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സർവകലാശാലകൾ തുർക്കിയ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം നിർത്തിവച്ചിട്ടുണ്ട്. രാജ്യത്തുനിന്ന് തുർക്കിയയിലേക്കുള്ള യാത്രകൾ ആളുകൾ വ്യാപകമായി റദ്ദാക്കുന്നു. കഴിഞ്ഞവർഷം മൂന്നുലക്ഷത്തിലേറെപ്പേരാണ് തുർക്കി സന്ദർശിച്ചിരു ന്നത്.
തുർക്കി കമ്പനിയായ സെലെബിയെ വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യ വിലക്കി. ഒമ്പത് വിമാനത്താവളങ്ങളിലെ എയർപോർട്ട് സർവീസസ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളിൽനിന്നുമാണ് വ്യഴാഴ്‌ച സുരക്ഷ ക്ലിയറൻസ് നൽകാതെ വിലക്കിയത്.








0 comments