ഹിമാചലിൽ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരി മരിച്ചു

പ്രതീകാത്മക ചിത്രം
ഷിംല: ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിങ്ങിനിടെ വിനോദസഞ്ചാരി മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ സതീഷ്(25) ആണ് മരിച്ചത്. കങ്ഗ്ര ജില്ലയിലെ ധർമ്മശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ദ്രുനാഗ് പാരാഗ്ലൈഡിംഗ് സൈറ്റിന് മുകളിലുള്ള ബങ്കോട്ടുവിലാണ് പാരാഗ്ലൈഡ് തകർന്നുവീണത്.
ഞായറാഴ്ച പകൽ 3.30ഓടെയായിരുന്നു അപകടം. പറന്നുയർന്നതിന് പിന്നാലെ ഇൻസ്ട്രക്ടറും സതീഷും പാരാഗ്ലൈഡ് തകർന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ സതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ സതീഷിനെ ധർമ്മശാല സോണൽ ആശുപത്രിയിലും തുടർന്ന് ടാണ്ട മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച സതീഷ് മരിച്ചു. ഇൻസ്ട്രക്ടർ സൂരജ് ഇപ്പോഴും ചികിത്സയിലാണ്. സതീഷിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കൈമാറുമെന്നും കാംഗ്ര അഡീഷണൽ പൊലീസ് സൂപ്രണ്ട് (എസ്പി) ഹിതേഷ് ലഖൻപാൽ പറഞ്ഞു.
അപകടത്തിൽ അന്വേഷണം നടത്താൻ സ്ഥലം എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടും കേസിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ, ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരി സമാനരീതിയിൽ പറന്നുയരുന്നതിനിടെ വീണു മരിച്ചു. ഭാവ്സർ ഖുഷി എന്ന സ്ത്രീയാണ് മരിച്ചത്. ആ മാസം രണ്ട് അപകടങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ 30 മാസത്തിനിടെ ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിംഗിനിടെ ആകെ 12 പേർ മരിച്ചു. ഭൂപ്രകൃതിയെക്കുറിച്ചും പ്രാദേശിക കാറ്റിന്റെ അവസ്ഥയെക്കുറിച്ചും കാര്യമായ അറിവില്ലാതെ പാരാഗ്ലൈഡിങ് നടത്തിയതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.








0 comments