ad
Deshabhimani

തമിഴ്‌നാട്ടിൽ കർഷക കടങ്ങൾ എഴുതിത്തള്ളി വിജയ് സർക്കാർ; തിയേറ്ററുകളിൽ പ്രതിദിനം 5 ഷോകൾക്കും അനുമതി

വിജയ്
വെബ് ഡെസ്ക്

Published on May 26, 2026, 03:46 PM | 1 min read

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള ചരിത്രപരമായ പ്രഖ്യാപനം സർക്കാർ പുറപ്പെടുവിച്ചു.


ഇതിനൊപ്പം സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന് ഉണർവേകുന്ന തിയേറ്റർ നിയമഭേദഗതിക്കും വിജയ് സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി വിജയ്‍യുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കർഷകർക്കുള്ള ധനസഹായ പാക്കേജ് പ്രഖ്യാപിച്ചത്.


സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ വഴി കർഷകർ എടുത്ത വിള വായ്പകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 2025 മേയ് 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ എടുത്ത വായ്പകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


ഇതിലൂടെ സംസ്ഥാനത്തെ 14.22 ലക്ഷം കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നും ഖജനാവിന് 2,044 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളി.


കർഷകർക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ തിയേറ്റർ ഉടമകൾക്കും സിനിമാ പ്രേമികൾക്കും വലിയ ആശ്വാസം നൽകുന്ന ഉത്തരവും വിജയ് സർക്കാർ പുറത്തിറക്കി. പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ 7 ദിവസങ്ങളിൽ പ്രതിദിനം 5 ഷോകൾ വീതം പ്രദർശിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകൾക്കും സർക്കാർ അനുമതി നൽകി.


നിലവിലെ 1957-ലെ 'തമിഴ്‌നാട് സിനിമാസ് റെഗുലേഷൻ ആക്ട്' ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ്. നിലവിൽ പ്രതിദിനം 4 ഷോകൾക്ക് മാത്രമായിരുന്നു സംസ്ഥാനത്ത് അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ മേയ് 16-ന് സിനിമാ വ്യവസായ പ്രതിനിധികൾ മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.


റിലീസ് വാരത്തിലെ അനാവശ്യ പേപ്പർ വർക്കുകൾ ഒഴിവാക്കാനും തീയേറ്റർ കളക്ഷൻ വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് സിനിമാ മേഖലയിലുള്ളവർ പ്രതികരിച്ചു. അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയ പുലർച്ചരെയുള്ള സ്പെഷ്യൽ ഷോകളുടെ വിലക്ക് തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home